ജില്ലയിലും സാക്ഷരതാ പ്രേരക്മാർ ദുരിതത്തിൽ

Saturday 11 February 2023 12:32 AM IST

ആലപ്പുഴ: ശമ്പള കുടിശ്ശിക മൂലം സംസ്ഥാനത്ത് കഴിഞ്ഞദിവസം ഒരു സാക്ഷരതാ പ്രേരക് മരണപ്പെട്ടതോടെയാണ് കേരളത്തിന്റെ സമ്പൂർണ സാക്ഷരത നിലനിർത്താൻ വേണ്ടി തൊഴിലെടുക്കുന്ന പ്രേരക് വിഭാഗത്തിന്റെ ദുരിതം കൂടുതൽപ്പേരുടെ അറിവിലേക്കെത്തിയത്. ജില്ലയിലെ പ്രേരക്മാർക്ക് അവസാനമായി ഓണറേറിയം ലഭിച്ചത് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്. അതും ആകെ തുകയുടെ 60 ശതമാനം മാത്രം.

ഓണക്കാലത്ത് ലഭിക്കാറുള്ള സ്പെഷ്യൽ അലവൻസ് പോലും കഴിഞ്ഞ വർഷം ലഭിച്ചിരുന്നില്ലെന്ന് ജില്ലയിലെ പ്രേരക്മാർ പറഞ്ഞു. സാക്ഷരതാ പ്രേരക്മാരെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് തദ്ദേശ സ്ഥാപന വകുപ്പിലേക്ക് പുനർവിന്യാസം ചെയ്യാനുള്ള ഉത്തരവ് പുറത്ത് വന്നിട്ട് ഒരു വർഷം പിന്നിട്ടും. എന്നാൽ വേതന വ്യവസ്ഥ സംബന്ധിച്ച് ധനവകുപ്പ് തീരുമാനമെടുക്കാത്തതിനാൽ ഇതുവരെ ഉത്തരവ് നടപ്പായിട്ടില്ല. പ്രേരകമാരുടെ ഓണറേറിയം അവസാനമായി വർദ്ധിപ്പിച്ചത് 2017ലാണ്. 2016 വരെ തദ്ദേശ സ്ഥാപനങ്ങൾ വഴിയായിരുന്ന വേതന വിതരണം സാക്ഷരതാ മിഷന് കൈമാറിയതോടെ വേതനം വൈകുന്നത് പതിവായി.

വേതനം

നോഡൽ പ്രേരക് - 15000 രൂപ

പ്രേരക് - 12000 രൂപ

അസി പ്രേരക് - 10500 രൂപ

ടാർജറ്റിൽ വെട്ടപ്പെടുന്ന വേതനം

പഠിതാക്കളുടെ എണ്ണത്തിൽ നിശ്ചിത എണ്ണം കൈവരിക്കാൻ പ്രേരക്മാർക്ക് സാധിച്ചില്ലെങ്കിൽ വേതനം വെട്ടിക്കുറയ്ക്കും. സാക്ഷരത മുതൽ ഹയർ സെക്കൻഡറി തുല്യതവരെയുള്ള കോഴ്സുകളിൽ 101 പേരെ ചേർക്കാത്ത പ്രേരക്മാരുടെ വേതനം പകുതിയിൽ താഴെയായി കുറയും.

പത്താംതരം, ഹയർസെക്കൻഡറി തലത്തിലുള്ള പഠിതാക്കളുടെ എണ്ണത്തിൽ ലക്ഷ്യം കൈവരിക്കാനായില്ലെങ്കിൽ 10 ശതമാനം, നാല്, ഏഴ് തുല്യതാക്ലാസുകളിലേക്കുള്ളവരുടെ എണ്ണം കുറഞ്ഞാൽ വീണ്ടും 10 ശതമാനം എന്നിങ്ങനെയാണ് വേതനം വെട്ടിക്കുറയ്ക്കുന്നത്. ഇതിന് പുറമേ ശനി. ഞായർ ദിവസങ്ങളും പൊതു അവധിയും കണക്കിലെടുത്ത് കഴിയുമ്പോൾ ഒരു മാസത്തെ വേതനം പലപ്പോഴും 5000 രൂപയിൽ താഴേക്ക് ഒതുങ്ങാറുണ്ടെന്ന് പ്രേരക്മാർ പറയുന്നു. സാക്ഷരതാ പഠനത്തിന് ചേരുന്നത് ഓരോ വ്യക്തികളുടെയും തീരുമാനമാണ്. താൽപര്യമുള്ളവരെ കണ്ടെത്തി തുടർവിദ്യാഭ്യാ. പദ്ധതിയിലെത്തിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന പ്രേരക്മാരെയാണ് വേതനം മുടക്കി കഷ്ടപ്പെടുത്തുന്നത്.

അധിക ജോലി

വിദ്യാകേന്ദ്രങ്ങളിലെ ജോലിക്ക് പുറമേ പ്രേരക്മാർക്ക് ഫീൽഡ് ജോലികളുമുണ്ട്. ഫീൽഡ് വർക്കിന്റെ റിപ്പോർട്ടും ഫോട്ടോയും അതത് മാസം ജില്ലാ ഓഫീസിൽ നൽകണം. ഇത് 1000 രൂപയെങ്കിലും ചെലവാകും. യാത്രാപ്പടിയോ, സ്റ്റേഷനറിച്ചെലവോ സാക്ഷരതാമിഷൻ നൽകാറില്ല.

പ്രേരക്മാരെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് തദ്ദേശ വകുപ്പിലേക്ക് പുനർവിന്യസിക്കാമെന്ന ഉത്തരവ് നടപ്പാക്കുന്നില്ല. കഴിഞ്ഞ ഓണക്കാലത്ത് പോലും സ്പെഷ്യൽ അലവൻസ് ലഭിച്ചില്ല. ആറ് മാസങ്ങളായി ഓണറേറിയം ലഭിക്കുന്നില്ല

സാക്ഷരതാ പ്രേരക്, ആലപ്പുഴ

Advertisement
Advertisement