ലിഥിയം സമ്പന്നം, ഇന്ത്യ തിളങ്ങും; 59 ലക്ഷം ടൺ കാശ്മീരിലുണ്ട്,​ ഹരിതോർജ്ജ വിപ്ലവത്തിനും വൻ സാമ്പത്തിക കുതിപ്പിനും കളമൊരുങ്ങും

Saturday 11 February 2023 12:51 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ ഹരിതോർജ്ജ വിപ്ലവത്തിനും വൻ സാമ്പത്തിക കുതിപ്പിനും കളമൊരുക്കി,​ 59 ലക്ഷം ടൺ ലിഥിയം നിക്ഷേപം ജമ്മു കാശ്‌മീരിൽ കണ്ടെത്തി.

ഇലക്ട്രിക് വാഹനങ്ങളിലും മൊബൈലിലും ലാപ്ടോപ്പിലും ഉൾപ്പെടെ ഉപയോഗിക്കുന്ന റീച്ചാർജ് ബാറ്ററിയിലെ പ്രധാനഘടകമാണ് ലിഥിയം. റിയാസി ജില്ലയിലെ സലാൽ-ഹൈമാന പ്രദേശത്താണ് രാജ്യത്താദ്യമായി ഇത്രയും വലിയ ശേഖരം കണ്ടെത്തിയത്.

ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നാല് വർഷമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തി വന്ന ധാതു പര്യവേക്ഷണത്തിലാണ് ജമ്മു കാശ്‌മീരിൽ ലിഥിയം ശേഖരം കണ്ടെത്തിയതെന്ന് കേന്ദ്ര ഖനി മന്ത്രാലയം അറിയിച്ചു.

പെട്രോൾ,​ ഡീസൽ വില താങ്ങാനാവാതെയും മലിനീകരണം ഒഴിവാക്കാനും ലോകമാകെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോൾ ഇത്രയും വലിയ ലിഥിയം ശേഖരം ഇന്ത്യയെ ഈ മേഖലയിൽ സ്വയം പര്യാപ്തമാക്കും. ഇപ്പോൾ ലിഥിയം ബാറ്ററി ചൈന,​ ജപ്പാൻ,​ വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.

ജിയോളജിക്കൽ സർവേയുടെ പര്യവേക്ഷണത്തിൽ ലിഥിയത്തിന് പുറമേ നിക്കൽ, കോബാൾട്ട്, സ്വർണ്ണം എന്നിവയുൾപ്പെടുന്ന 51 ധാതു ബ്ലോക്കുകളും കണ്ടെത്തി. ജമ്മുകാശ്‌മീർ, ആന്ധ്ര, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്,കർണ്ണാടക,മദ്ധ്യപ്രദേശ്,ഒഡിഷ,രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഇവ കണ്ടെത്തിയത്. 7897 ദശലക്ഷം ടൺ കൽക്കരി,​ ലിഗ്നൈറ്റ് നിക്ഷേപവും കണ്ടെത്തി.

ഇന്ത്യയുടെ നേട്ടം

ഇ - വാഹനങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള ഘടകം ബാറ്ററിയാണ്. തദ്ദേശീയമായി നിർമ്മിച്ചാൽ വിലകുറയും. കയറ്റുമതി ചെയ്യാം. ഇപ്പോൾ ലിഥിയം ബാറ്ററി കുത്തക ചൈനയ്‌ക്കാണ് ( 80% )​

വെളുത്ത സ്വ‌ർണം

നോൺ ഫെറസ് ലോഹം ( ഇരുമ്പിന്റെ അംശമില്ല)​. അതിനാൽ തുരുമ്പ് പിടിക്കില്ല.വെള്ളി നിറം. ആധുനിക ഗാഡ്‌ജറ്റുകളിൽ ഉപയോഗിക്കുന്നതിനാൽ വെളുത്ത സ്വ‌ർണമെന്നും ( വൈറ്റ് ഗോൾഡ് )​ അറിയപ്പെടുന്നു.

ലിഥിയം ബാറ്ററി

വലിപ്പം കുറവ്

ആവർത്തിച്ച് ചാ‌ർജ് ചെയ്യാം

വയർലെസ് ചാർജിംഗ്

ഫാസ്റ്റ് ചാർജിംഗ്

സാധാരണ ബാറ്ററിയേക്കാൾ ശേഷി

പ്രകൃതി സൗഹൃദം

മലിനീകരണം ഇല്ല

ഉപയോഗങ്ങൾ

ഇ -വാഹനങ്ങൾ,​ മൊബൈൽ ഫോൺ,​ ലാപ് ടോപ്പ്,​ യു. പി. എസ്,​ ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങൾ, വയർലെസ് ഹെഡ്ഫോൺ, കാമറ, പവർടൂൾസ്, ഗൃഹോപകരണങ്ങൾ, സോളാർ പ്ലാന്റ്,​ എനർജി സ്റ്റോറേജ് സിസ്റ്റം, ഇൻവെർട്ടർ ബാറ്ററി,​ ഗ്ലാസ്,​ സെറാമിക് വ്യവസായം

ലിഥിയം ഉൽപ്പാദനം

ആസ്ട്രേലിയ ....52%

ചിലി ..................24.5%

ചൈന ..............13.2%

ലോകത്തെ ആവശ്യം

2025ൽ 15ലക്ഷം ടൺ

2030ൽ 30 ലക്ഷം ടൺ

അഫ്ഗാനിസ്ഥാനിൽ

ലക്ഷം കോടി ടൺ

ലോകത്തെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം അഫ്ഗാനിസ്ഥാനിലാണ്. ഒരു ലക്ഷം കോടി ടൺ. 2010ൽ അമേരിക്ക വെളിപ്പെടുത്തിയതാണിത്. അഫ്ഗാൻ ലിഥിയം കൈയടക്കാൻ ചൈന താലിബാൻ ഭരണകൂടവുമായി രഹസ്യ ചർച്ചയിലാണ്.

ചിലി .......................92ലക്ഷം ടൺ

ആസ്‌ട്രേലിയ .........57ലക്ഷം ടൺ

ചൈന ...................15ലക്ഷം ടൺ

അമേരിക്ക .............7.5ലക്ഷം ടൺ