യു പി ആഗോള നിക്ഷേപക ഉച്ചകോടിക്ക് തുടക്കം ലോകത്തിന്റെ അഭിവൃദ്ധി ഇന്ത്യയുടെ കൈവശം: പ്രധാനമന്ത്രി

Saturday 11 February 2023 1:54 AM IST

ന്യൂഡൽഹി: ലോകത്തിന്റെ അഭിവൃദ്ധി ഇന്ത്യയുടെ അഭിവൃദ്ധിയിലാണെന്നും ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ചും യുവജനങ്ങളിൽ ചിന്തകളിലും അഭിലാഷങ്ങളിലും വലിയ മാറ്റം വന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തർപ്രദേശിൽ നടക്കുന്ന ആഗോള ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമയം പാഴാക്കാതെ സമൃദ്ധിയുടെ ഭാഗമാകാൻ നിക്ഷേപകരോടും വ്യവസായ പ്രമുഖരോടും അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.27 ലക്ഷം കോടിയുടെ നിക്ഷേപവും രണ്ട് കോടി തൊഴിലും ലക്ഷ്യമിട്ടാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടി നടത്തുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അശ്വനി വൈഷ്ണവ്, ജി.കിഷൻ റെഡ്ഢി, ആർ.കെ സിംഗ്, സ്മൃതി ഇറാനി, പശുപതി കുമാർ പരാസ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് തുടങ്ങിയവർ പങ്കെടുത്തു.


34 സെഷനുകൾ, 300ലധികം വ്യവസായികൾ

34 സെഷനുകളിലായി നടക്കുന്ന ഉച്ചകോടിയിൽ 300 ലധികം പ്രമുഖ വ്യവസായികൾ പങ്കെടുക്കും. 10 ലക്ഷം കോടിയുടെ നിക്ഷേപമാണ് യു.പി സർക്കാർ ലക്ഷ്യമിട്ടതെങ്കിലും 27 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ ലഭിച്ചതായി യു.പി സർക്കാർ പറയുന്നു. ഉച്ചകോടിക്ക് പിന്നാലെ ഗ്ലോബൽ ട്രേഡ് ഷോയും ഇൻവെസ്റ്റ്‌ യു.പി 2.0 പദ്ധതിയും നടക്കും. ഉച്ചകോടിക്കായി യു.പി സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘം 16 രാജ്യങ്ങളിൽ യാത്ര നടത്തി. ലോകത്തിലെ 21 പ്രമുഖ നഗരങ്ങളിൽ റോഡ് ഷോ നടത്തി. യു.എ.ഇ, യു.എസ്, ഫ്രാൻസ്, ജർമ്മനി,അർജന്റീന, യു.കെ, ജപ്പാൻ, മൗറീഷ്യസ്, മെക്സിക്കോ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഡന്മാർക്ക്, നെതർലാന്റ്‌സ് എന്നീ രാജ്യങ്ങളിൽ നിക്ഷേപം സംബന്ധിച്ച് ഉന്നതതല കൂടിക്കാഴ്ചയും നടത്തി.

മുകേഷ് അംബാനി, നടരാജൻ ചന്ദ്രശേഖരൻ(ചെയർമാൻ ടാറ്റ സൺസ്), കുമാർ മംഗളം ബിർള, ആനന്ദ് മഹീന്ദ്ര, ഡാനിയൽ ബ്രിച്ചർ (സി.ഇ.ഒ,സൂറിച്ച് എയർപോർട്ട്), സുനിൽ വചാനി(ചെയർമാൻ ഡിക്സൺ ടെക്നോളജീസ്) തുടങ്ങി നിരവധി വ്യവസായ പ്രമുഖർ ഉച്ചകോടിയെ അഭിസംബോധന ചെയ്തു.

വന്ദേ ഭാരത് ടെയിനുകൾ

ആധുനിക ഇന്ത്യയുടെ ചിത്രം - പ്രധാനമന്ത്രി

വന്ദേ ഭാരത് ട്രെയിനുകൾ ആധുനിക ഇന്ത്യയുടെ മഹത്തായ ചിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ വേഗതയുടെ പ്രതിഫലനമാണ് വന്ദേ ഭാരത് ട്രെയിനുകൾ. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ മുംബൈ - സോലാപൂർ, മുംബൈ - ഷിർദി സായി നഗർ എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വന്ദേഭാരത് ട്രെയിനുകൾ സാമ്പത്തിക കേന്ദ്രങ്ങളെ വിശ്വാസ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. ഇതാദ്യമായാണ് രണ്ട് വന്ദേഭാരത് ട്രെയിനുകൾ ഒരേദിവസം ഓഫ് ചെയ്യുന്നത്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ 108 ജില്ലകളെ ബന്ധിപ്പിച്ച് ഇതു വരെ 10 വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് ആരംഭിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് ഇതാദ്യമായി 10 ലക്ഷം കോടി രൂപ നീക്കിവെച്ച ബഡ്ജറ്റ് രാജ്യത്തെ ജനങ്ങളുടെ ജീവിതം വലിയ തോതിൽ സുഗമമാക്കും. പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ ഇരട്ട എൻജിൻ സർക്കാരിന്റെ ആഭിമുഖ്യത്തോടെ വികസന പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് പോകും. അദ്ദേഹം വ്യക്തമാക്കി.

ഗവർണ്ണർ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, നാരായൺ റാണെ, രാംദാസ് അത്താവലെ, കപിൽ മൊരേശ്വർ പാട്ടീൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement