കാന്താരയിലെ വരാഹ രൂപം; ഹൈക്കോടതി നടപടിക്ക് സ്റ്റേ

Saturday 11 February 2023 1:56 AM IST

ന്യൂഡൽഹി: കാന്താര സിനിമയിലെ വരാഹരൂപം എന്ന പാട്ട് വിലക്കിയ കേരള ഹൈക്കോടതി നടപടിക്ക് സുപ്രീംകോടതിയുടെ വിമർശനം. സിനിമയിൽ പാട്ട് വിലക്കിയ നിർദ്ദേശം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്‌തു. സിനിമയുടെ സംവിധായകൻ ഋഷഭ് ഷെട്ടിക്കും നിർമാതാവ് വിജയ് കിർഗാന്ധുറിനും മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതി സിനിമയിൽ പാട്ട് വിലക്കിക്കൊണ്ട് ഉത്തരവിട്ടത്.

മുൻകൂ‌ർ ജാമ്യാപേക്ഷയിൽ പകർപ്പവകാശ ലംഘന വിഷയം പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പാട്ട് കോപ്പിയടിച്ചതാണെന്ന ബോദ്ധ്യം ഹൈക്കോടതിക്കുണ്ട്. അപ്പോഴും അണിയറപ്രവർത്തരുടെ മുൻകൂർ ജാമ്യ ഉത്തരവിൽ പാട്ട് വിലക്കാനുള്ള നിർദ്ദേശം വയ്‌ക്കാനാകില്ല. മുൻകൂ‍ർ ജാമ്യാപേക്ഷ പരിഗണിച്ച് പകർപ്പാവകാശ ലംഘനത്തിൽ തീരുമാനമെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

സിനിമയുടെ സംവിധായകനും,​ നിർമാതാവും നാളെയും മറ്റന്നാളും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ജാമ്യത്തിൽ വിടണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ജാമ്യവ്യവസ്ഥ സംബന്ധിച്ച് അണിയറപ്രവർത്തരുടെ അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ ബെ‍ഞ്ച് വിഷയം അടിയന്തരമായി പരിഗണിച്ചത്. തൈക്കൂടം ബ്രിഡ്‌ജിന്റെ നവരസ ഗാനം കോപ്പിയടിച്ചതാണെന്ന പരാതിയിൽ സിവിൽ കേസ് നിലവിലുണ്ടെന്ന് സംവിധായകനും നിർമാതാവിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ര‍ഞ്ജിത് കുമാർ കോടതിയെ അറിയിച്ചു. തൈക്കൂടം ബ്രിഡ്‌ജിന്റെ പരാതിയിൽ കോഴിക്കോട് പൊലീസ് എഫ്.ഐ.ആ‍ർ രജിസ്റ്റർ ചെയ്‌തിരുന്നു.

Advertisement
Advertisement