ധൻകറിനോട് റഫറിയായാൽ മതി കളിക്കേണ്ടെന്ന് പ്രതിപക്ഷം
Saturday 11 February 2023 12:58 AM IST
ന്യൂഡൽഹി: പ്രതിപക്ഷാംഗങ്ങൾ നൽകുന്ന അടിയന്തര പ്രമേയ നോട്ടീസുകൾ തുടർച്ചയായി തള്ളിയതും അദാനി വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ നടത്തിയ ആരോപണങ്ങൾ രേഖയിൽ നിന്ന് നീക്കം ചെയ്‌തതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ധീപ് ധൻകറിനെതിരെ രംഗത്ത്.
അദ്ധ്യക്ഷൻ റഫറിയായാൽ മതിയെന്നും കളത്തിൽ ഇറങ്ങി കളിക്കരുതെന്നും സി.പി.ഐ എംപി ബിനോയ് വിശ്വം തുറന്നടിച്ചു. പാർലമെന്റിനെ സ്‌കൂൾ നിലവാരത്തിലാക്കരുത്. താങ്കളെയും ചെയറിനെയും ബഹുമാനിക്കുന്നു. പക്ഷേ അദ്ധ്യക്ഷൻ ഒരു ഭാഗം മാത്രമാണ് കേൾക്കുന്നത്. പ്രതിപക്ഷത്തിന്റെ പ്രാധാന്യം മനസിലാക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
അദാനി വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ നിന്ന് സർക്കാരിനെ രക്ഷിക്കാൻ രാജ്യസഭയിൽ ജഗ്‌ദീപ് ധൻകറും ലോക്‌സഭയിൽ സ്‌പീക്കർ ഒാം ബിർളയും സഹായിച്ചെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ.