പ്രധാനമന്ത്രി ഇന്ന് ത്രിപുരയിലെത്തും; ബി ജെ പി പേശീബലം കാട്ടുന്നതായി യെച്ചൂരി

Saturday 11 February 2023 1:02 AM IST

ന്യൂഡൽഹി:നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ത്രിപുരയിലെത്തും. സംസ്ഥാനത്ത് രണ്ട് തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി പ്രസംഗിക്കുമെന്ന് ബി.ജെ.പി ത്രിപുര മീഡിയ ഇൻ ചാർജ്ജ് സുനിത് സർക്കാർ പറഞ്ഞു. മുഖ്യമന്ത്രി മണിക് സാഹ, സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുള്ള മഹേഷ് ശർമ്മ, സംസ്ഥാന അദ്ധ്യക്ഷൻ റജി ബ് ഭട്ടാചാര്യ എന്നിവർ മാഹാരാജ ബിർ ബിക്രം വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ധലായ് ജില്ലയിലെ അംബാസയിലും ഉച്ച കഴിഞ്ഞ് 3 മണിക്ക് ഗോമതിയിലും പ്രധാനമന്ത്രി സംസാരിക്കും. 13 ന് പ്രധാനമന്ത്രി പ്രചരണത്തിനായി വീണ്ടും ത്രിപുരയിലെത്തും.

തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് യെച്ചൂരി

ബി.ജെ.പിയിൽ നിന്നും വലിയ അക്രമം പ്രതീക്ഷിക്കുകയാണെന്നും ഞങ്ങളുടെ പ്രവർത്തകരുടെ വീടു മുതൽ പോളിംഗ് സ്റ്റേഷനുകൾ വരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷനെ കാണുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അഗർത്തലയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലെ നിലവിലെ സാഹചര്യം അറിയിക്കാൻ ഞങ്ങളുടെ പ്രതിനിധി സംഘം ഉടനെ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും. യെച്ചൂരി പറഞ്ഞു. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് ബി.ജെ.പി വലിയ അക്രമം അഴിച്ചുവിട്ടേക്കാം. തിരഞ്ഞെടുപ്പിൽ വിജയിക്കാനായി ബി.ജെ.പി വൻതോതിൽ പണം വിതരണം ചെയ്യുകയാണ്. പേശീബലം ഉപയോഗിക്കുന്നതോടൊപ്പം കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുന്നു. പ്രതിപക്ഷ പാർട്ടി പ്രവർത്തകരോട് ഭരണകക്ഷി ഭീഷണി തുടങ്ങിക്കഴിഞ്ഞു. വോട്ടർമാർക്ക് നിർഭയം വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി കൈക്കൊള്ളണം. യെച്ചൂരി പറഞ്ഞു.

അണികൾ അംഗീകരിക്കാത്ത സഖ്യമെന്ന് കേന്ദ്രമന്ത്രി

ത്രിപുരയിലെ സി.പി.എം - കോൺഗ്രസ് സഖ്യത്തെ കോൺഗ്രസ് അണികൾ അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രിയും ധൻപൂർ നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പ്രതിമ ഭൗമിക് പറഞ്ഞു. ഇരു സംഘടനകളും സീറ്റുകൾ പങ്കിട്ടെങ്കിലും പതിറ്റാണ്ടുകളായി രാഷ്ട്രീയ എതിരാളികളായ അണികളിൽ സംഖ്യം പ്രാവർത്തികമാകില്ല. സി.പി.എം വോട്ടുകൾ കോൺഗ്രസിന് ലഭിക്കുമെങ്കിലും കോൺഗ്രസ് വോട്ടുകൾ സി.പി.എം സ്ഥാനാർത്ഥികൾക്ക് ലഭിക്കില്ല. കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇത്തവണ സി.പി.എം കോട്ടയായ ധൻപൂർ ബി.ജെ.പി പിടിച്ചെടുക്കും. അവർ പറഞ്ഞു.

കഴിഞ്ഞ 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും സി.പി.എം പി.ബി അംഗവുമായ മണിക് സർക്കാരിനോട് അവർ പരാജയപ്പെട്ടിരുന്നു. അഞ്ചു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മണിക് സർക്കാർ ഇത്തവണ മത്സര രംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. കൗശിക് ചന്ദയാണ് സി.പി.എം സ്ഥാനാർത്ഥി.

Advertisement
Advertisement