ആരോപണങ്ങൾ നീക്കം ചെയ്ത നടപടി പ്രധാനമന്ത്രിയെ വിടാതെ കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അദാനി വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്‌തതിൽ പ്രതിഷേധം തുടർന്ന് കോൺഗ്രസ്. സഭാ അദ്ധ്യക്ഷൻമാരുടെ സഹായത്തോടെ സത്യം മൂടിവയ്‌ക്കാൻ മോദി സർക്കാർ ശ്രമിച്ചെന്ന് ഖാർഗെ ആരോപിച്ചു.
പ്രധാനമന്ത്രിക്കെതിരെ നടത്തിയ മൗനിബാബാ പരാമർശം അൺപാർലമെന്ററിയല്ല. കോൺഗ്രസ് പ്രധാനമന്ത്രിമാരായ മൻമോഹൻസിംഗിനും നരംസിംഹറാവുവിനും എതിരെ നരേന്ദ്രമോദി ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ട്. പ്രസംഗത്തിൽ ഉദ്ധരിച്ച കവിതാശകലങ്ങൾ അടക്കം നീക്കം ചെയ്‌തു. തന്റെ ഹിന്ദി പ്രസംഗത്തിലെ കുഴപ്പം മൂലമാണോ എന്നു മനസിലാകുന്നില്ല. സഭയിൽ ഒഴിഞ്ഞു മാറിയ സർക്കാർ അദാനി വിഷയത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബാദ്ധ്യസ്ഥമാണെന്നും ഖാർഗെ പറഞ്ഞു.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം രാജ്യം ആവശ്യപ്പെടുന്നു: ഖാർഗെ
പാർലമെന്റിൽ 'അദാനി" എന്ന വാക്ക് ഉച്ചരിക്കാൻ പോലും അനുവദിക്കാത്തതിന്റെ കാരണം എന്താണ്. ഇതല്ലാതെ മറ്റേത് വാക്കാണ് ഉപയോഗിക്കേണ്ടത്.
അദാനിക്കെതിരായ അന്വേഷണത്തിൽ ആർ.ബി.ഐ, സെബി, ഇ.ഡി, എസ്.എഫ്.ഐ.ഒ, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ആദായ നികുതി വകുപ്പ്, സി.ബി.ഐ തുടങ്ങിയ ഏജൻസികൾ കണ്ണടച്ചത് എന്തുകൊണ്ട്.
അദാനി കുംഭകോണം അന്വേഷിക്കാമെന്നാണ് സർക്കാർ പറയുന്നത്.
അദാനിയുടെ കമ്പനികളിൽ നിക്ഷേപമുള്ള എൽ.ഐ.സിയുടെ പണത്തിന്റെ മൂല്യം കുറയുന്നതും എസ്.ബി.ഐയും മറ്റ് ബാങ്കുകളും അദാനിക്ക് നൽകിയ 82,000 കോടി രൂപയെക്കുറിച്ചും അന്വേഷിക്കണ്ടേ.
അദാനിയുടെ കമ്പനികളിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് കോടി രൂപ ആരുടേതാണെന്ന് ചോദിക്കേണ്ടതല്ലേ.
ശ്രീലങ്കയിലും ബംഗ്ലാദേശിലും പ്രധാനമന്ത്രി വഴി അദാനി കരാറുകൾ നേടിയോ.
ഫ്രാൻസിലെ "ടോട്ടൽ ഗ്യാസ്" അദാനിയുടെ കമ്പനിയിലെ 5,000 കോടി യു.എസ് ഡോളറിന്റെ നിക്ഷേപം അന്വേഷണം പൂർത്തിയാകുന്നതുവരെ മരവിപ്പിച്ചത് വസ്തുതയാണോ?
ലോകത്തിലെ ഏറ്റവും വലിയ ഇക്വിറ്റി നിക്ഷേപകരായ നോർവേ സോവറിൻ ഫണ്ട് 20 കോടി യു.എസ് ഡോളറിന്റെ അദാനി ഓഹരികളും വിറ്റിട്ടുണ്ടോ.
എം.എസ്.സി.ഐ അദാനിയുടെ കമ്പനികളുടെ റാങ്കിംഗ് താഴ്‌ത്തിയോ.
സ്റ്റാൻഡേർഡ് ചാർട്ടേഡ്, സിറ്റി ഗ്രൂപ്പ്, ക്രെഡിറ്റ് സ്യൂസ് എന്നിവ അദാനിയുടെ ഡോളർ ബോണ്ടുകൾക്കെതിരെ വായ്പ നൽകുന്നത് നിറുത്തിയോ.
ഡൗ ജോൺസ് അദാനിയുടെ കമ്പനിയെ 'സുസ്ഥിരതാ സൂചികകളിൽ' നിന്ന് നീക്കം ചെയ്‌തോ.