നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന്
തൃശൂർ: സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് സേഫ് ആൻഡ് സ്‌ട്രോംഗ് കസ്റ്റമർ വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇതിനകം 150 പേർ പൊലീസിൽ പരാതി നൽകി. ഇതിൽ പകുതിയോളം പരാതികളിലേ എഫ്.ഐ.ആർ ഇട്ടിട്ടുള്ളൂ. ഓരോ പരാതിക്കും പ്രത്യേകം എഫ്.ഐ.ആറിന് പകരം ഗ്രൂപ്പ് എഫ്.ഐ.ആറാണ് ഇട്ടത്. 22 കോടിയുടെ തട്ടിപ്പ് നടന്നിട്ടും പരാതികളിൽ 9 കോടിയുടെ തട്ടിപ്പ് മാത്രമേ കാണിച്ചിട്ടുള്ളൂ. ചെന്നൈ, ബംഗളൂർ എന്നിവിടങ്ങളിൽ നിന്ന് തട്ടിപ്പിനിരയായ നിക്ഷേപകർ പരാതി നൽകാനെത്തുമ്പോൾ ഇവരെ ഇപ്പോൾ പൊലീസ് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. സ്ഥാപനത്തിന്റെ ഡയറക്ടർ, സി.ഇ.ഒ, ജനറൽ മാനേജർ എന്നിവരടക്കം 19 പേരെ പ്രതിപട്ടികയിലുൾപ്പെടുത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. വാർത്താ സമ്മേളനത്തിൽ രാജൻ ജോസഫ്, സ്റ്റാൻലി വർഗീസ്, വി.ഐശ്വര്യ, സി.എൽ ജയിംസ് എന്നിവർ പങ്കെടുത്തു.