പാലുല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക മുഖ്യലക്ഷ്യം : മന്ത്രി

Saturday 11 February 2023 3:41 AM IST

തൃശൂർ: കേരളം പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കണമെന്നതാണ് ലക്ഷ്യമിടുന്നതെന്ന് ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സർക്കാരിന്റെ മൂന്നാമത് നൂറ് ദിന പരിപാടിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാന തലഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പാലുല്പാദനത്തിന് സാദ്ധ്യതയുള്ള 20 പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് . ഇതിനായി 1000 ലക്ഷം രൂപ ചെലവഴിക്കും. തെരഞ്ഞെടുത്ത പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപയാണ് സഹായധനമായി നൽകുക. പുതുതായി പശുക്കളെ വാങ്ങൽ, തൊഴുത്തു നിർമ്മാണം , തീറ്റ പുൽക്കൃഷി എന്നിവയ്ക്കായി വിനിയോഗിക്കാം. ജില്ലയിൽ മാടക്കത്തറ കൂടാതെ താന്ന്യം പഞ്ചായത്തുകൂടി ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി മുഖ്യാതിഥിയായി. ക്ഷീരവികസന വകുപ്പ് പ്ലാനിംഗ് ജോയിന്റ് ഡയറക്ടർ സിൽവി മാത്യു പദ്ധതി വിശദീകരണം നടത്തി. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, പി.എസ് ബാബു, സിനി പ്രദീപ്കുമാർ, പി.ആർ സരേഷ് ബാബു, സുമനി കൈലാസ്, സജീബ് തുടങ്ങിയവർ പങ്കെടുത്തു