ഉള്ളിൽ തുടിക്കുന്നൂ ജീവൻ, വേദിയിൽ പിറവിയെടുക്കുന്നു 'കൊച്ചുസീത'!
തൃശൂർ: നാല് മാസം ഗർഭിണിയായപ്പോഴായിരുന്നു മഹാകവി വള്ളത്തോളിന്റെ 'കൊച്ചുസീത'യ്ക്ക് ഗായത്രി പത്മനാഭന്റെ നൃത്ത നാടകാവിഷ്‌കാരം. ഇനി മാർച്ച് മാസത്തിൽ ആറ് മാസത്തിൽ ഗായത്രിക്ക് 'പ്രസവാവവധി'യില്ല, തിരുവനന്തപുരത്തും എറണാകുളത്തും ഗുരുവായൂരുമെല്ലാമായി സജീവമാകും. നാടകാചാര്യനായ കലാനിലയം കൃഷ്ണൻ നായരുടെയും കൊടുങ്ങല്ലൂർ അമ്മിണിയമ്മയുടെയും മകൻ കലാനിലയം പത്മനാഭന്റെ മകളായ ഗായത്രിക്ക് നൃത്തവും നാടകവും ശരീരവും ആത്മാവുമാണ്. അതുകൊണ്ടാണ് ഇഷ്ടപ്പെട്ട ജോലി ഉപേക്ഷിച്ച് നാടകത്തിലേക്കിറങ്ങി. എം.ടെക് സ്വർണ്ണമെഡലുമായി അമൃത യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപികയായിരിക്കെ, കലാനിലയത്തിന്റെ 'ഹിഡിംബി' നാടകത്തിലൂടെ ആദ്യം അരങ്ങിലെത്തി. നടി ലക്ഷ്മിപ്രിയയ്ക്ക് പകരക്കാരിയായി. അപ്രതീക്ഷിതമായാണ് വേദിയിലെത്തിയതെങ്കിലും നാടകം ഹിറ്റായി, ഇരുപതോളം വേദികൾ പിന്നിട്ടു. 'ഞാൻ...ഉടൽ...മനസ് ' എന്ന പേരിൽ 'കൊച്ചുസീത' കഴിഞ്ഞവർഷമാണ് തൃശൂർ റീജ്യണൽ തിയേറ്ററിൽ അവതരിപ്പിച്ചത്. കഴിഞ്ഞമാസം കലാമണ്ഡലത്തിലെ നിള ഫെസ്റ്റിവലിലും ഗർഭാവസ്ഥയുടെ ക്ഷീണം മറന്ന് 'കൊച്ചുസീത'യെ ഉജ്ജ്വലമാക്കി. ചെലവ് കുറഞ്ഞ നാടകം ഒരുക്കാനായാണ് നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ഏകാംഗമായി 'ഞാൻ...ഉടൽ...മനസ് ' പിറക്കുന്നത്. അദ്ധ്യാപികയായിരിക്കെ, ഒരു ദിവസം പോലും ജോലി മുടക്കാതെയായിരുന്നു റിഹേഴ്‌സൽ. അമ്മ ഡോ.ബിന്ദുവും അദ്ധ്യാപന ജോലിയിൽ നിന്ന് അവധിയെടുത്ത് ഭർത്താവ് ഡോ.ഡി.ഗോവിന്ദും മകൾ ക്ഷേത്രയും കൂട്ടായിനിന്നു.
ചെറുപ്പം മുതലേ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുള്ള ഗായത്രി തന്നെയാണ് ക്ലാസിക്കൽ, ഫ്യൂഷൻ നൃത്താവിഷ്‌കാരം നിർവഹിച്ചത്. നാടകഭാഷ്യം ഒരുക്കിയത് സുരേഷ് ബാബു ശ്രീസ്ഥയാണ്. മനോജ് നാരായണനാണ് സംവിധാനം. ക്രിയേറ്റീവ് ഹെഡ് അനന്തപദ്മനാഭൻ. കഥകളി സംഗീതജ്ഞൻ കോട്ടയ്ക്കൽ മധുവാണ് സംഗീതവും ആലാപനവും. നൃത്തം കലാമണ്ഡലം കൃഷ്ണകുമാർ. കവിത എം.എം.സചീന്ദ്രൻ. അവതരണം കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷൻ.
പാഠം പഠിപ്പിക്കാൻ നാടകം
'കലാനിലയം' എന്ന പേരും രക്തത്തിലലിഞ്ഞ നാടകപാരമ്പര്യവുമുള്ളതുകൊണ്ട് ഗായത്രി സി.ബി.എസ്.ഇ സ്‌കൂളുകളിൽ പാഠഭാഗങ്ങൾ നാടകാവിഷ്‌കാരമാക്കി പഠിപ്പിക്കാറുണ്ട്. ഇതിനായി 'ദ ബിഗ് ലിറ്റിൽ തിയേറ്റർ' വഴി നാടകം ക്ലാസ് മുറിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്രയിലെ സ്‌കൂളിൽ നിന്നടക്കം ക്ഷണമുണ്ടായി. എൽ.കെ.ജി മുതൽ പത്താം ക്‌ളാസ് വിദ്യാർത്ഥികൾക്ക് വരെ നിശ്ചിതഫീസ് വാങ്ങി പാഠഭാഗങ്ങൾ നാടകീയമായി പഠിപ്പിച്ചിട്ടുണ്ട്.
ദേവദാസി ബാലികയുടെ കഥ
സീതയെപ്പോലെ ചാരിത്ര്യം കാത്തുസൂക്ഷിക്കണമെന്ന് ആശിച്ച ചെമ്പകവല്ലി എന്ന ദേവദാസി ബാലികയുടെ കഥയാണ് 'കൊച്ചുസീത'. ചെമ്പകവല്ലിയും ആ നായികയെ തേടിയെത്തുന്ന നാടകപ്രവർത്തക ഗായത്രിയും പരസ്പരം പകർന്നാടുന്ന വിധമാണ് അവതരണം. ഇതിഹാസകാലം മുതൽ വർത്തമാനകാലം വരെ നീളുന്ന പെൺജീവിതത്തിന്റെ സഹനവും കണ്ണീരും കരുത്തുമാണ് അടയാളപ്പെടുത്തുന്നത്.
മാർച്ച് നാലിന് വനിതാദിനാചരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ അവതരണം. നാടക നൃത്തവേദികളിൽ ഇനിയും സജീവമാകാനാണ് ആഗ്രഹം.
ഗായത്രി.