ചൈനീസ് ബലൂൺ രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളത് : യു.എസ്
വാഷിംഗ്ടൺ : യു.എസ് വ്യോമപരിധിയിൽ പ്രത്യക്ഷപ്പെട്ട ചൈനീസ് ചാര ബലൂൺ കമ്മ്യൂണിക്കേഷൻ സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുന്നതായിരുന്നെന്നും രഹസ്യവിവരങ്ങൾ ശേഖരിക്കാൻ കഴിവുള്ള ഒന്നിലേറെ ആന്റിനകൾ ഘടിപ്പിച്ചിരുന്നെന്നും യു.എസ്. ചൈനീസ് നടപടിയെ അപലപിക്കുന്ന പ്രമേയം കഴിഞ്ഞ ദിവസം യു.എസ് ജനപ്രതിനിധി സഭയിൽ എതിരില്ലാതെ പാസാക്കിയിരുന്നു. എന്നാൽ, ബലൂൺ നിരീക്ഷണത്തിനുള്ളതെല്ലെന്നും കാലാവസ്ഥ സംബന്ധമായിരുന്നെന്നും ദിശ മാറി യു.എസിലെത്തിയതാണെന്നുമാണ് ചൈന ആവർത്തിക്കുന്നത്. ജനുവരി 28ന് യു.എസ് വ്യോമപരിധിയിൽ പ്രത്യക്ഷപ്പെട്ട ബലൂണിനെ ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പ്രകാരം സൈന്യം വെടിവച്ച് അറ്റ്‌ലാൻഡിക് സമുദ്രത്തിൽ വീഴ്ത്തിയത്. സൗത്ത് കാരലൈന തീരത്ത് നിന്ന് ശേഖരിച്ച ബലൂൺ അവശിഷ്ടങ്ങളിൽ എഫ്.ബി.ഐ പരിശോധന തുടരുകയാണ്. അതേ സമയം, ബലൂണിന്റെ നിരീക്ഷണ ഉപകരണങ്ങൾ അടക്കമുള്ള തന്ത്രപ്രധാന ഭാഗങ്ങൾ ഇപ്പോഴും കടലിനടിയിൽ തുടരുകയാണ്.