റഷ്യൻ മിസൈൽ റൊമേനിയൻ വ്യോമാതിർത്തി ലംഘിച്ചെന്ന് യുക്രെയിൻ  ഇല്ലെന്ന് റൊമേനിയ

Saturday 11 February 2023 5:25 AM IST

കീവ് : രാജ്യത്തേക്ക് റഷ്യ തൊടുത്ത രണ്ട് മിസൈലുകൾ റൊമേനിയയുടെ വ്യോമാതിർത്തി ലംഘിച്ചെന്ന ആരോപണവുമായി യുക്രെയിൻ. എന്നാൽ നാറ്റോ അംഗമായ റൊമേനിയ യുക്രെയിന്റെ വാദം നിഷേധിച്ചു. റഷ്യൻ മിസൈലുകൾ യുക്രെയിനിലേക്കുള്ള വരവിനിടെ മോൾഡോവയുടെ വ്യോമാതിർത്തിയും ലംഘിച്ചെന്ന് യുക്രെയിൻ സൈനിക തലവൻ ആരോപിച്ചു.

കരിങ്കടലിൽ നിന്ന് റഷ്യ കപ്പലിൽ നിന്ന് ഒരു മിസൈൽ വിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ടെന്നും എന്നാലിത് തങ്ങളുടെ വ്യോമാതിർത്തി മുറിച്ചുകടന്ന് പോയിട്ടില്ലെന്നും റൊമേനിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റൊമേനിയൻ അതിർത്തിയും മിസൈലിന്റെ പാതയും തമ്മിൽ റഡാറിൽ രേഖപ്പെടുത്തിയ ഏറ്റവും അടുത്ത ദൂരം 35 കിലോമീറ്ററായിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി. മിസൈൽ വിക്ഷേപണത്തിന് പിന്നാലെ റൊമേനിയയുടെ രണ്ട് മിഗ് - 21 വിമാനങ്ങൾ മേഖലയിൽ നിരീക്ഷണവും നടത്തി.

അതിനിടെ, മിസൈൽ തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറന്നെന്ന് അറിയിച്ച മോൾഡോവ റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി. ഒക്ടോബറിലും ഒരു റഷ്യൻ മിസൈൽ മോൾഡോവയുടെ വ്യോമാതിർത്തി ലംഘിച്ചിരുന്നു. അതേ സമയം, ഇന്നലെ രാജ്യത്തേക്ക് വന്ന 71 റഷ്യൻ ക്രൂസ് മിസൈലുകളിൽ 61 എണ്ണം വെടിവച്ചു വീഴ്ത്തിയെന്ന് യുക്രെയിൻ അറിയിച്ചു.

 മോൾഡോവ പ്രധാനമന്ത്രി രാജിവച്ചു

അയൽരാജ്യമായ യുക്രെയിനിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ മോൾഡോവയിൽ പാശ്ചാത്യ അനുകൂല പ്രധാനമന്ത്രി നതാലിയ ഗാവ്രിലിത രാജിവച്ചു. യുക്രെയിനെ ആക്രമിച്ചതിന് പിന്നാലെ മോൾഡോവയ്ക്ക് ഊർജ വിഭവങ്ങൾ നൽകുന്നത് റഷ്യ കുറച്ചിരുന്നു. ഇത് രാജ്യത്ത് ഇന്ധന ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായിയിരുന്നു. 2021ലാണ് നതാലിയ അധികാരമേറ്റത്.

Advertisement
Advertisement