സിറിയയുടെ മിറക്കിൾ ബേബി ഇനി 'അയ"

Saturday 11 February 2023 5:27 AM IST

ഇസ്താംബുൾ : ഇവൾ 'അയ"....ഭൂകമ്പത്തിൽ തകർന്നടിഞ്ഞ വടക്കൻ സിറിയയിൽ നിന്ന് രക്ഷപെടുത്തിയ നവജാത ശിശു. ജനിച്ച് വീണ് പൊക്കിൾകൊടി പോലും വേർപെടുത്താത്ത നിലയിലാണ് ഈ പെൺകുഞ്ഞിനെ ജിൻഡൈറിസ് നഗരത്തിലെ ഭൂകമ്പ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. കുഞ്ഞിന്റെ അച്ഛനും അമ്മയും നാല് സഹോദരങ്ങളും മരിച്ചിരുന്നു.

ഈ കുഞ്ഞിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങളിലൂടെ ലോകം കണ്ടിരുന്നു. അനാഥത്വത്തിലേക്ക് പിറന്നുവീണ ഈ കുഞ്ഞിനെ ദത്തെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് എത്തിയിരിക്കുന്നത്. ' മിറക്കിൾ ബേബി" എന്ന് അറിയപ്പെട്ട കുഞ്ഞിന് ' അയ" എന്ന് പേരുമിട്ടു. അറബിയിൽ ' അത്ഭുതം " എന്നാണ് ഈ പേരിനർത്ഥം.

അയ ഇപ്പോൾ അഫ്രിൻ നഗരത്തിലെ ആശുപത്രിയിലാണ്. പരിക്കുകളോടെ അവശനിലയിൽ തിങ്കളാഴ്ചയാണ് അയയെ ആശുപത്രിയിലെത്തിച്ചത്. അയയുടെ നില ഇപ്പോൾ തൃപ്തികരമാണ്. അയയെ ദത്തെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് ആയിരക്കണക്കിന് ഫോൺ കോളുകളാണ് ആശുപത്രിയിലേക്കെത്തുന്നത്.

എന്നാൽ, അയയെ പിതാവിന്റെ അമ്മാവൻ ഏറ്റെടുക്കുമെന്നാണ് വിവരം. നിലവിൽ അയ ആശുപത്രിയിലെ ഡോക്ടറായ ഖാലിദ് അറ്റിയായുടെ സംരക്ഷണത്തിലാണ്. തന്റെ നാല് മാസം പ്രായമുള്ള മകൾക്കൊപ്പം അയയേയും അദ്ദേഹം സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്നു.

Advertisement
Advertisement