തുർക്കി - സിറിയ ഭൂകമ്പം: മരണം 22,000 കടന്നു, സഹായം പ്രഖ്യാപിച്ച് യു.എസ്

Saturday 11 February 2023 5:27 AM IST

ഇസ്താംബുൾ : തുർക്കി - സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 22,000 കടന്നതിനിടെ ദുരന്ത ബാധിത പ്രദേശങ്ങൾക്ക് 8.5 കോടി ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ച് യു.എസ്. യു.എസിന്റെ ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റേതാണ് ( യു.എസ്.എ.ഐ.ഡി ) പ്രഖ്യാപനം. ദുരന്ത മേഖലയിലെ ജനങ്ങൾക്ക് യു.എസ്.എ.ഐ.ഡിയുടെ നേതൃത്വത്തിൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നുണ്ട്.

ദുരന്തനിവാരണത്തിനുള്ള എല്ലാ സഹായ ഇടപാടുകളെയും സിറിയയ്ക്ക് മേൽ തങ്ങൾ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള ഉപരോധങ്ങൾ ബാധിക്കില്ലെന്നും യു.എസ് വ്യക്തമാക്കി. ആറ് മാസത്തേക്കാണ് ഇളവ്. അതേ സമയം, ഇന്ത്യ, യു.കെ, റഷ്യ, ജർമ്മനി, ഫ്രാൻസ്, പോളണ്ട് തുടങ്ങിയ നിരവധി രാജ്യങ്ങളും ഭൂകമ്പ ബാധിത മേഖലകളിൽ സഹായങ്ങൾ തുടരുന്നുണ്ട്. തുർക്കിക്ക് ലോകബാങ്ക് 178 കോടി ഡോളർ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശം തുടരുന്ന യുക്രെയിനിൽ നിന്നും തുർക്കിയിലേക്ക് രക്ഷാപ്രവർത്തകർ എത്തി.

അതേ സമയം, വടക്കൻ സിറിയയിലെ സ്ഥിതി വളരെ മോശമായി തുടരുകയാണ്. മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നു. ഏകദേശം 60,000ത്തോളം പേർക്ക് വീട് നഷ്ടമായെന്നാണ് റിപ്പോർട്ട്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് അലെപ്പോയിലെ ആശുപത്രിയിലെത്തി ദുരന്തത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു.

 മരണസംഖ്യ

 ആകെ - 22,765

 തുർക്കി - 19,388

 സിറിയ - 3,377

 നികുതി പിരിച്ചത് എവിടെ ?

തുർക്കിയിൽ പ്രസിഡന്റ് എർദോഗനെതിരെ ജനങ്ങളും പ്രതിപക്ഷ പാർട്ടികളും രംഗത്ത്. ഭൂകമ്പ സാദ്ധ്യതാ മേഖലയായ രാജ്യത്ത് ഒരു ദുരന്തത്തെ നേരിടാനുള്ള മുൻകരുതൽ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട എർദോഗൻ ' ഭൂകമ്പ നികുതി"യായി സമാഹരിച്ച 460 കോടി ഡോളർ എന്തു ചെയ്തെന്ന് പ്രതിപക്ഷം ചോദിക്കുന്നു. 17,000ത്തിലേറെ പേരുടെ മരണത്തിന് കാരണമായ 1999ലെ ഭൂകമ്പത്തിന് പിന്നാലെയാണ് നികുതി ഏർപ്പെടുത്തിയത്.

ദുരന്തനിവാരണത്തിനും അടിയന്തര സേവനങ്ങളുടെ വികസനത്തിനും വേണ്ടിയായിരുന്നു ഇത്. 2003 മുതൽ പ്രധാനമന്ത്രിയായും 2014 മുതൽ പ്രസിഡന്റായും അധികാരത്തിൽ തുടരുന്ന എർദോഗൻ ഇത്രയും നാളായി ഭൂകമ്പത്തെ നേരിടാൻ തയാറെടുപ്പ് നടത്തിയില്ലെന്നും ഇവർ ആരോപിക്കുന്നു. മേയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എർദോഗന്റെ രാഷ്ട്രീയ ഭാവി തുലാസിലായിരിക്കുകയാണ്.

ഭൂകമ്പ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നീട്ടിയേക്കും. അതിനിടെ, രക്ഷാപ്രവർത്തനം വൈകിയതിൽ ജനങ്ങൾക്കിടെ എർദോഗനെതിരെ കടുത്ത അമർഷമുണ്ട്. ആരും വോട്ട് ചോദിച്ച് ഇനി വരേണ്ടെന്നും അപകട സമയത്ത് ആരും എത്തിയില്ലെന്നുമാണ് ജനങ്ങൾ പറയുന്നത്.