'23ാം വയസിൽ പുതിയ റോൾ ഏറ്റെടുക്കുന്നു', അമ്മ ഗർ‌ഭിണിയാണെന്ന സന്തോഷം പങ്കുവച്ച് നടി

Saturday 11 February 2023 1:22 PM IST

ജീവിതത്തിലെ പുതിയ വിശേഷം പങ്കുവച്ച് നടിയും നർത്തകിയുമായ ആര്യാ പാർവതി. 23ാം വയസിൽ ഒരു സഹോദരനെ അല്ലെങ്കിൽ സഹോദരിയെ ലഭിക്കുന്നതിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. അമ്മ ദീപ്‌തി ശങ്കർ ഗർഭിണിയാണെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ അറിയിച്ചിരിക്കുന്നത്.

'23 വർഷത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി എത്തുന്നതിന്റെ അതിയായ സന്തോഷത്തിലാണ് താൻ. ഒരു അമ്മയുടെയും വല്ല്യേച്ചിയുടെയും വേഷം ഏറ്റെടുക്കാൻ തയ്യാറെടുത്തിരിക്കുകയാണ്. കുഞ്ഞേ വേഗം വരൂ' എന്ന അടിക്കുറിപ്പോടെയാണ് താരം ഗർഭിണിയായ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നടി അനുശ്രീ, വരദ അടക്കം നിരവധി താരങ്ങൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.

ചെമ്പട്ട്, ഇളയവൾ ഗായത്രി തുടങ്ങിയ സീരിയലുകളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ആര്യ പാർവതി. ഇൻസ്റ്റാഗ്രാമിൽ ഏറെ ആരാധകരുമുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നിന്ന് മോഹിനിയാട്ടത്തിൽ ആര്യ ബിരുദം നേടിയിട്ടുണ്ട്.