ഒരു മാസം മുമ്പ് വാഹനാപകടത്തെ തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്തു, വീണ്ടും മദ്യപിച്ച് വാഹനം ഓടിച്ചു, ഡ്രൈവർ അറസ്റ്റിൽ
Saturday 11 February 2023 7:39 PM IST
കൊച്ചി : വാഹനാപകടത്തെ തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ട ഡ്രൈവർ വീണ്ടും ബസ് ഓടിച്ചു. അതും മദ്യപിച്ച്. സംഭവത്തിൽ നേര്യമംഗലം സ്വദേശി അനിൽകുമാർ പിടിയിലായി. ഇന്ന് ഉച്ചയോടെയാണ് തൃക്കാക്കര ബസ് സ്റ്റാൻഡിൽ നിന്ന് ബസ് ഓടിക്കുന്നതിനിടെ ഇയാൾ പിടിയിലായത്. വാഹനം ഓടിക്കുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടർന്നാണ് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലൈസൻസ് സസ്പെൻഡ് ചെയ്തയാൾ വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പിന് അപേക്ഷ നൽകുമെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു.