നക്ഷത്ര 'തിളക്ക'ത്തിൽ ലക്ഷ്‌മൺ !

Sunday 12 February 2023 1:18 AM IST

തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ 'വ്യാജപുരാവസ്തുക്കൾ' ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിക്കുകയും, തട്ടിപ്പിന് പൊലീസുകാരെ കരുവാക്കുകയും ചെയ്തതിന് സസ്പെൻഷനിലായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ സസ്‌പെൻഷൻ റദ്ദാക്കി തിരിച്ചെടുത്ത് അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകുകയാണ്. 1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ അഡി.ഡി.ജി.പിമാരാക്കിയപ്പോൾ, സസ്‌പെൻഷനിലായ ലക്ഷ്മണിനെ പരിഗണിച്ചിരുന്നില്ല. ഈ ബാച്ചിലെ ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയിരുന്നു. സസ്‌പെൻഷനിലായതിനാലാണ് ലക്ഷ്‌മണിനെ പരിഗണിക്കാതിരുന്നത്. ഉടൻതന്നെ ലക്ഷ്‌മണിന്റെ തോളിലെ നക്ഷത്രങ്ങളുടെ എണ്ണം കൂടും, അധികാരവും.

പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് ഡിജിറ്റൽ തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയെ അറിയിച്ചതിനെത്തുടർന്നാണ് ലക്ഷ്‌മണിനെ സസ്പെൻഡ് ചെയ്തത്. മൂന്നു വർഷമായി ഐ.ജിക്ക് മോൻസണുമായി ബന്ധമുണ്ടെന്നും മോൻസണിന്റെ പുരാവസ്തു കച്ചവടത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം ഉപയോഗിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സസ്പെൻഷനിലായി രണ്ടുമാസമായപ്പോഴേ തിരിച്ചെടുക്കാൻ നീക്കം തുടങ്ങിയിരുന്നു. ചട്ടപ്രകാരം ആറുമാസം കഴിഞ്ഞ് പുന:പരിശോധിച്ചാൽ മതി. ലക്ഷ്മണിനെതിരെ വകുപ്പുതല അന്വേഷണവും അട്ടിമറിക്കപ്പെട്ടു. ഇടനിലക്കാരിയെ ഉപയോഗിച്ച് വ്യാജപുരാവസ്തുക്കൾ വിറ്റഴിക്കാൻ ഐ.ജി ശ്രമിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസിൽ ലക്ഷ്മണിനെ പ്രതിയാക്കിയില്ല. ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോൻസണിന് പരിചയപ്പെടുത്തിയതും ലക്ഷ്മണാണ്. സ്വർണ ബൈബിൾ, ഗണേശ വിഗ്രഹം, ഖുർ -ആൻ, രത്നങ്ങൾ എന്നിവ ഇവർ വില്‌ക്കാൻ ശ്രമിച്ചെന്നും മൂവരും പേരൂർക്കട പൊലീസ് ക്ലബിലടക്കം കൂടിക്കാഴ്ച നടത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രഞ്ജിത്ത് ലാൽ, റെജി അടക്കം ചില ഗൺമാൻമാരെയും (പി.എസ്.ഒ) ഐ.ജി തട്ടിപ്പിന് കരുവാക്കി. പുരാവസ്തുക്കൾ തിരുവനന്തപുരത്ത് പൊലീസ് ക്ലബിൽ എത്തിക്കാൻ പൊലീസുകാരെ നിയോഗിച്ചെന്നും കണ്ടെത്തിയിരുന്നു.

ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസന്റെ കൈവശമുണ്ടായിരുന്ന അപൂർവ മത്സ്യങ്ങളുടെ സ്​റ്റഫ്, മുതലയുടെ തലയോട്, അടക്കം വില്‌പന നടത്താൻ ഐ.ജി പദ്ധതിയിട്ടതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. പേരൂർക്കട പൊലീസ് ക്ലബിലാണ് മോൻസണും ഇടനിലക്കാരിയും ഐ.ജിയും കൂടിക്കാഴ്ച നടത്തിയത്. ഐ.ജി ആവശ്യപ്പെട്ടത് പ്രകാരം പൊലീസുകാരാണ് മോൻസന്റെ വീട്ടിൽനിന്ന് പുരാവസ്തുക്കൾ പൊലീസ് ക്ലബിൽ എത്തിച്ചത്. സസ്‌പെൻഷൻ ഉത്തരവിൽ ഐ.ജിക്കെതിരെയുള്ള കുറ്റങ്ങൾ ഇവയായിരുന്നു- മോൻസണിനെതിരെ തട്ടിപ്പുകേസ് രജിസ്റ്റർ ചെയ്യപ്പെട്ട ശേഷവും ഐ.ജി അയാളുമായി അവിശുദ്ധ ബന്ധമുണ്ടാക്കി, ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി ഐ.ജി നിരവധി തവണ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി, വീട്ടിൽ ഉന്നത പൊലീസുദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ഇടപാടുകാരിൽ വിശ്വാസമുണ്ടാക്കാനും അതുവഴി കൂടുതൽ തട്ടിപ്പുകൾക്കും മോൻസൺ ഉപയോഗിച്ചു.

ഇതിനെല്ലാം പുറമേ, പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിന് ഒത്താശ ചെയ്തതിന് സസ്പെൻഷനിലായ ലക്ഷ്മൺ, ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാൻ ഹൈദരാബാദിൽ ഓഫീസ് തുറന്ന് പണപ്പിരിവ് നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയെങ്കിലും നടപടിയെടുക്കാതെ അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സംഭവം ഒതുക്കിതീർക്കുകയായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാൻ ഐ.ജി പണപ്പിരിവ് നടത്തുന്നതായി കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അതിഥികളും ബന്ധുക്കളുമൊക്കെ എത്തുമ്പോൾ ശബരിമലയിൽ ഡ്യൂട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ദർശന സൗകര്യമൊരുക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഐ.ജിയുടെ അതിഥികളായി നിത്യേന നിരവധിപേർ എത്തിയതോടെയാണ് സ്പെഷ്യൽബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ശബരിമലയിലുള്ള സ്‌പെഷ്യൽ ഓഫീസർമാരും ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ദർശനസൗകര്യമൊരുക്കാൻ ഹൈദരാബാദിൽ ഓഫീസ് തുറന്നതിനു പിന്നിൽ ലക്ഷ്മണാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഒരാളിൽ നിന്ന് 10,000 രൂപ മുതലാണ് വാങ്ങിയത്. അന്വേഷണം നടത്താൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും തുടർനടപടികളുണ്ടായില്ല.

ഒപ്പം ഇരുത്താതെ

മുഖ്യമന്ത്രി

മോൻസണിന്റെ വാട്സ്ആപ് സന്ദേശങ്ങൾ വീണ്ടെടുത്താണ് ഐ.ജിയുമായുള്ള വഴിവിട്ട ഇടപാടുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മോൻസണിനെതിരായ ആറരക്കോടിയുടെ തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി, മോൻസണിന്റെ ഇഷ്ടക്കാരനായ ചേർത്തല സി.ഐ ശ്രീകുമാറിന് കൈമാറാൻ ഐ.ജി ലക്ഷ്‌മൺ വഴിവിട്ട് ഇടപെട്ടതിനെത്തുടർന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം ലക്ഷ്മണിന് മെമ്മോ നൽകുകയും ശാസിക്കുകയും ചെയ്തിരുന്നു. ട്രാഫിക് ഐ.ജിയായിരിക്കെ അധികാര പരിധിക്ക് പുറത്തുള്ള വിഷയത്തിൽ ഇടപെട്ടതിനായിരുന്നു ശാസന. മോൻസണിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ലക്ഷ്‌മണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് കോടിക്കണക്കിന് രൂപ ഡൽഹിയിലെത്തിക്കാനും കേസുകൾ ഒതുക്കാനും ഐ.ജി ലക്ഷ്‌മണിന്റെ സഹായം കിട്ടിയെന്ന് മോൻസൺ അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

മോൻസണിനെതിരെ പരാതി നൽകുന്നവരുടെയും അയാളുടെ ജീവനക്കാരുടെയും ഫോൺവിളി രേഖകൾ (സി.ഡി.ആർ) ശേഖരിച്ച് കൈമാറിയതിലും ഐ.ജിക്ക് പങ്കുണ്ടെന്നാണ് സൂചന. ജീവനക്കാരെ സൂക്ഷിക്കണമെന്ന് ഐ.ജി മോൻസണിന് മുന്നറിയിപ്പ് നൽകുന്ന ഓഡിയോ നേരത്തേ പുറത്തായിരുന്നു. മോൻസണിനെതിരെ പരാതി നൽകിയവരെ സി.ഐ ശ്രീകുമാർ വിരട്ടിയതിന്റെയും പരാതികൾ ഒതുക്കിയതിന്റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്. ഐ.ജിക്ക് മോൺസണുമായുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ, പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി നടത്തിയ യോഗത്തിൽ, ഒപ്പം ഇരിക്കുന്നതിൽ നിന്ന് ലക്ഷ്‌മണിനെ ഒഴിവാക്കിയിരുന്നു. ലക്ഷ്‌മൺ യോഗസ്ഥലത്ത് എത്തിയെങ്കിലും കസേര നൽകാതെ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു.

ഉന്നത രാഷ്ട്രീയബന്ധം

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ വളരെ അടുപ്പക്കാരനാണ് ലക്ഷ്മൺ. 14വർഷം സർവീസ് ശേഷിക്കവേ, ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ ഐ.ടി മന്ത്രിയാവാൻ ലക്ഷ്മൺ ഒരുങ്ങിയിരുന്നു. അവിടെ ഐ.ടി വകുപ്പിന്റെ ചുമതല വഹിക്കുന്ന വ്യവസായ, നഗരവികസന മന്ത്രി കെ.ടി.രാമറാവുവിനെ മാറ്റി ലക്ഷ്‌മണിനെ മന്ത്രിയാക്കുമെന്നായിരുന്നു ധാരണ. വ്യവസായ, നഗരവികസന മന്ത്രി കെ.ടി.രാമറാവുവിന്റെ ഐ.ടി വകുപ്പിന്റെ ചുമതല മാറ്റി ലക്ഷ്‌മണിന് നൽകാനായിരുന്നു നീക്കം. എന്നാൽ ഇത് നടന്നില്ല. ലക്ഷ്‌മണിന്റെ ബന്ധുക്കൾ തെലങ്കാന രാഷ്ട്രീയത്തിലുണ്ട്. 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓഫറുണ്ടായിരുന്നെങ്കിലും ലക്ഷ്‌മൺ സ്വീകരിച്ചിരുന്നില്ല. തെലങ്കാന മന്ത്റിയാകുന്നതിന് അന്തിമ തീരുമാനമായാൽ അദ്ദേഹം മൂന്നുമാസത്തെ ശമ്പളം കേന്ദ്ര സർക്കാരിലേക്ക് തിരികെ അടച്ച് ഉടൻ വിരമിക്കും. 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗുഗുലോത്ത് ലക്ഷ്മൺ ഖമ്മം ജില്ലക്കാരനാണ്. ആന്ധ്രാപ്രദേശ് മുൻ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണ് ഭാര്യ.

Advertisement
Advertisement