കരമന ബയോപാർക്ക് അവഗണനയിൽ നശിക്കുന്നത് ജൈവസമ്പത്തിന്റെ കലവറ

Monday 13 February 2023 3:08 AM IST

തിരുവനന്തപുരം: കോടികൾ മുടക്കി ആവിഷ്കരിച്ച ജൈവസമ്പത്തിന്റെ കലവറയായ കരമനയിലെ ബയോപാർക്കിൽ കൃത്യമായ പരിപാലനം നടക്കുന്നില്ല. 2013ൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിലുള്ള കരമന-കിള്ളിയാർ ശാസ്ത്രീയ മാതൃക പരിപാലന പദ്ധതിയുടെ ഭാഗമായാണ് കരമന ബയോപാർക്ക് ആവിഷ്കരിച്ചത്. കരമന നദിയോടു ചേർന്ന് മുളകൾ,പൈൻ,കെയിൻ,ഒതളം മുതലായ നൂറിലധികം തണൽമരങ്ങളെ സംരക്ഷിക്കുന്നതും നദീതീരത്തെ മലിനീകരണം ഒഴിവാക്കുന്നതുമായിരുന്നു ബയോ പാർക്കിന്റെ ലക്ഷ്യം. ഓർക്കിഡുകൾ നട്ടുപിടിപ്പിക്കുന്നതും ഇരിപ്പിടങ്ങൾ സജ്ജീകരിക്കുന്നതും പദ്ധതിയിലുണ്ടായിരുന്നു. പരിപാലനമില്ലാതെ നദിയിലേക്കുള്ള പടവുകളിലും ഇരിപ്പിടങ്ങളിലും കരിയിലകൾ നിറഞ്ഞുകിടക്കുകയാണ്. ലൈറ്റുകൾ പ്രവർത്തിക്കാറില്ല. ചില ഭാഗങ്ങളിൽ ഫെൻസിംഗ് പൊളിഞ്ഞതും കാവൽക്കാറില്ലാത്തതും സാമൂഹ്യവിരുദ്ധർക്ക് യഥേഷ്ടം പ്രവേശിക്കാൻ അവസരമൊരുക്കുന്നു. ക്ളീനിംഗിന് സ്ഥിര ജീവനക്കാരില്ല. കോർപ്പറേഷനും അടുത്തുള്ള കാർത്തികേയ നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമാണ് പാർക്ക് വൃത്തിയാക്കുന്നത്. സി.സി.ടി.വികളുമില്ല.ധാരാളം തണൽ മരങ്ങളുള്ളതിനാൽ സായാഹ്നങ്ങളിൽ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ഇവിടെ എത്താറുണ്ട്. ഇവർ ഭക്ഷണം കഴിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും നദിയിൽ കെട്ടിക്കിടക്കുന്നു. കരിയില സംഭരണി സ്ഥാപിക്കണമെന്ന ആവശ്യവും നടന്നില്ല.

ബയോപാർക്കിന്റെ സാദ്ധ്യതകൾ

നദിയുടെ തീരത്ത് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്

 ഇക്കോ ടൂറിസം

 നദീതീരത്ത് യോഗാ പരിശീലനം

 വിദ്യാർത്ഥികൾക്ക് പരിസ്ഥിതി പഠന ക്യാമ്പുകൾ

മാതൃകാപദ്ധതിയും ഇരുട്ടിൽ

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ബയോപാർക്കിനോടൊപ്പം ആവിഷ്കരിച്ച മറ്റ് പ്രവർത്തനങ്ങളും പൂർണതയിലെത്തിയില്ല. കരിയില മാലിന്യം സംസ്കരിക്കാൻ ബയോഗ്യാസ് പ്ലാന്റ്, ഇൻസിനറേറ്റർ എന്നിവ സജ്ജമായിട്ടില്ല.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇറിഗേഷൻ വകുപ്പ്, ട്രിഡ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇരുപത്തിയഞ്ചോളം സബ് പ്രോജക്ടുകളും ഉണ്ടായിരുന്നു.

പദ്ധതി

 ആരംഭിച്ചത് 2013-ൽ

 ജൈവപാർക്ക് വിസ്തൃതി 2.25 ഏക്കർ

 ചെലവ് 18 കോടി

 പാലങ്ങളിൽ 12 അടി പൊക്കത്തിലുള്ള നെറ്റുകൾ

കരമന-കാലടി ഭാഗത്ത് സ്പിൽ വേ

നടപ്പാതകളിൽ ഇന്റർലോക്ക്

തീര സംരക്ഷണം

അലക്ക് കടവ് പുനരുദ്ധാരണം

ചെയിൻ ലിങ്ക്ഡ് ഫെൻസിംഗ്