ഗിന്നസ് റെക്കാഡ് ലക്ഷ്യം വച്ച് 10 മണിക്കൂറിൽ 800 മീറ്റർ പേപ്പർ ചങ്ങല : നിലവിലെ റെക്കാഡ് 11 മണിക്കൂറിൽ 779.21 മീറ്റർ
വിഴിഞ്ഞം: 10 മണിക്കൂറിൽ 800 മീറ്ററിലധികം പേപ്പർ ചങ്ങല നിർമ്മിച്ച് യുവാവ്. ലക്ഷ്യം ഗിന്നസ് റെക്കാഡും ലഹരിക്കെതിരെ ബോധവത്കരണവും.വെണ്ണിയൂർ വവ്വാമൂല വട്ടവിള സങ്കീർത്തനത്തിൽ വിൻസന്റിന്റെയും മിനി കുമാരിയുടെയും മകൻ വിമിൻ എം. വിൻസന്റാണ് ഡ്രോയിംഗ് പേപ്പറിൽ ചങ്ങല തീർത്തത്. ഇന്നലെ രാവിലെ 8 മുതൽ വെങ്ങാനൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപരുടെയും വിദ്യാർത്ഥികളുടെയും മുന്നിലാണ് ചങ്ങല നിർമ്മാണം പൂർത്തിയാക്കിയത്.നിലവിലെ ഗിന്നസ് റെക്കാഡ് അമേരിക്കൻ സ്വദേശിയായ ജൂലി മാക്കിനി വ്യക്തിഗതമായി 11 മണിക്കൂർ കൊണ്ട് നിർമ്മിച്ച 779.21മീറ്റർ നീളത്തിലുള്ളതാണ്.
18ഇഞ്ച് നീളത്തിലും 4.5ഇഞ്ച് വീതിയിലും വെട്ടിയെടുത്ത പേപ്പറിൽ സ്റ്റേപ്ലർ പിൻ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. നീല,പിങ്ക്,മഞ്ഞ എന്നീ കളർ പേപ്പറുകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്.നിർമ്മാണ ഘട്ടത്തിൽ 5 മിനിട്ട് വീതം നീളുന്ന ചെറിയ ഇടവേളകൾ എടുത്തുവെന്നും ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം കുടിച്ചുവെന്നും വിമിൻ പറഞ്ഞു. നിർമ്മാണം വീഡിയോയിൽ പകർത്തിയിട്ടുണ്ട്.ഇത് ഇനി ഗിന്നസ് ബുക്ക് അധികൃതർക്ക് നൽകും. അടുത്തമാസം ഈ പേപ്പർ ചങ്ങല ഉപയോഗിച്ച് സ്കൂളിലും പരിസരത്തും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ ബോധവത്കരണ പരിപാടി നടത്തുമെന്നും വിമിൻ പറഞ്ഞു.