സുന്ദരേശ്വരനൊപ്പം, ഗുരുദേവ ദർശനങ്ങളിൽ നിറഞ്ഞ്...

Monday 13 February 2023 12:13 AM IST
ഇ.ജി. രാജൻ ശാന്തി

കണ്ണൂർ: അര നൂ​റ്റാണ്ട് മുമ്പ് കണ്ണൂരിലെത്തി, ജീവിതാവസാനം വരെ സുന്ദരേശ്വരനും ഗുരുദേവ ദർശനങ്ങൾക്കുമായി ജീവിതം മാ​റ്റിവച്ച ആചാര്യനെയാണ് രാജൻ ശാന്തിയുടെ നിര്യാണത്തോടെ നഷ്ടമായത്. എറണാകുളം ജില്ലയിലെ ഓണമ്പിള്ളി ഇടവൂർ തുങ്കപ്പടി ശ്രീ സുന്ദരീശ്വരം വീട്ടിൽ ഇ.കെ. ഗോവിന്ദന്റെ മകനായി 1954 ഒക്ടോബർ 22ന് ജനനം. പതിനഞ്ചാം വയസ്സിൽ മലബാറിലെത്തിയ രാജൻ 1971 ഓഗസ്റ്റ് ഏഴിനാണ് കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ കീഴ്ശാന്തി തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നത്.1983ൽ ക്ഷേത്രം മേൽശാന്തിയായി സ്ഥാനക്കയ​റ്റം ലഭിച്ചു.

ശ്രീനാരായണ തത്വങ്ങളോടും പ്രസ്ഥാനങ്ങളോടും ക്ഷേത്രങ്ങളോടും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ശ്രീനാരായണഗുരു ചിന്തകളോടും ഗുരുദേവനോടും വളരെയേറെ ആദരവ് പുലർത്തിയിരുന്നു. ഗുരുദേവ ചിന്തകളെ പ്രചരിപ്പിക്കുന്ന കാര്യത്തിലും ഏറെ പരിശ്രമിച്ചു.

2007ൽ നടന്ന ശ്രീ ഭക്തി സംവർദ്ധിനി യോഗത്തിന്റെ ശതാബ്ദി ആഘോഷം, അനുബന്ധമായി നടന്ന സഹസ്ര കലശം, പിന്നീട് നടന്ന പുനഃപ്രതിഷ്ഠാ കർമ്മം, 2016ൽ നടന്ന ശ്രീ സുന്ദരേശ്വര ക്ഷേത്ര ശതാബ്ദി ആഘോഷം, സഹസ്ര കലശ പൂജ തുടങ്ങിയ അവസരങ്ങളിൽ അതി മഹത്തായ പങ്കാളിത്തവും മേൽനോട്ടവും നടത്തിയിരുന്നു. ക്ഷേത്രത്തെ ഇന്ന് കാണുന്ന സ്ഥിതിയിലെത്തിക്കാൻ രാജൻ ശാന്തിയുടെ ആത്മാർത്ഥവും തീവ്രവുമായ പ്രയത്നമുണ്ടായിരുന്നു.

ക്ഷേത്രത്തിലെ എല്ലാ പരിപാടികളിലും വൈദിക കർമ്മങ്ങളിലും എപ്പോഴും മുൻപന്തിയിൽ തന്നെ ഉണ്ടാകുമായിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെയും ഭരണാധികാരികളുടെയും സ്‌നേഹപാത്രമായിരുന്നു. കണ്ണൂർ ജില്ലയിലെ

നിരവധി പ്രാദേശിക ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയതും പ്രതിഷ്ഠാദിന വാർഷികത്തിന് പൂജാദി കർമ്മങ്ങൾ നടത്തുന്നതും രാജൻ ശാന്തിയാണ്. തന്ത്റികാവകാശിയും കൂടിയാണ്.

ശ്രീ ഭക്തി സംവർദ്ധിനി യോഗത്തിന്റെ ഭരണത്തിലുള്ള എടാട്ട് ശ്രീ തൃക്കൈ മഹാവിഷ്ണു ക്ഷേത്രം, പയ്യാമ്പലം ശ്രീ ഇരിവേരി കോവിൽ എന്നീ ക്ഷേത്രങ്ങളിലെ വൈദിക കർമ്മങ്ങൾക്കും രാജൻ ശാന്തിയാണ് മേൽനോട്ടം വഹിച്ചിരുന്നത്. വിവിധ നിലകളിൽ കണ്ണൂരിനോട് ചേർന്നുനിന്ന് പ്രവർത്തിച്ച രാജൻ ശാന്തിയുടെ വിയോഗത്തോടെ നന്മയുടെ വൻ മരമാണ് ഇല്ലാതാകുന്നത്.

അന്ത്യോപചാരം അർപ്പിക്കാൻ നിരവധി പേർ

ശ്രീ സുന്ദരേശ്വര ക്ഷേത്രം മേൽ ശാന്തി ഇ.ജി. രാജൻ ശാന്തിയുടെ ഭൗതിക ശരീരം എസ്.എൻ. വിദ്യാമന്ദിർ സ്‌കൂളിനു മുന്നിൽ പൊതുദർശനത്തിന് വച്ചപ്പോൾ നിരവധി പേരാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. എസ്.എൻ. വിദ്യാമന്ദി‌റിനു മുന്നിൽ നടന്ന അനുശോചന യോഗത്തിലും വൻ പങ്കാളിത്തമായിരുന്നു.

അനുശോചന യോഗത്തിൽ ശ്രീ ഭക്തി സംവർദ്ധിനി യോഗം സെക്രട്ടറി കെ.പി. പവിത്രൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.വി. സുമേഷ് എം.എൽ.എ, മേയർ ടി.ഒ മോഹനൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. രഞ്ജിത്ത് (ബി.ജെ.പി), പി.പി ജയകുമാർ (കണ്ണൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി), എം.ടി. പ്രകാശൻ (തീയ്യ മഹാസഭ), മട്ടിണി വിജയൻ (ഇരിട്ടി എസ്.എൻ.ഡി.പി), പ്രജിത്ത് (ആർ.എസ്.എസ്), അനീഷ് (ഹിന്ദു മഹാ സഭ), അർട്ടിസ്​റ്റ് ശശികല (മദ്യവർജന സമിതി), കെ.പി. ഭാഗ്യശീലൻ (ശ്രീ സുന്ദരേശ്വര ധനാഭ്യർത്ഥന സംഘം), കല്ലിക്കോടൻ രാഗേഷ് (കക്കാട് ഉത്സവാഘോഷ കമ്മി​റ്റി), പി.കെ. രാഗേഷ് (കൗൺസിലർ), പ്രകാശൻ (ആദി കടലായി ക്ഷേത്രം) എന്നിവർ പ്രസംഗിച്ചു. കേരള കൗമുദിക്കു വേണ്ടി ഫിനാൻസ് മാനേജർ രോഹിത്ത്, കെ.ടി. രാജു എന്നിവർ ചേർന്ന് പുഷ്പചക്രം അർപ്പിച്ചു.