കാർ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

Monday 13 February 2023 12:09 AM IST
കനാലിലേക്ക് മറിഞ്ഞ കാർ

കൂത്തുപറമ്പ്: പൂക്കോട് ഏഴാം മൈലിൽ കാർ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ഏഴരയോടെ തലശ്ശേരി - കൂത്തുപറമ്പ് കെ.എസ്.ടി.പി റോഡിലാണ് അപകടം. ഡ്രൈവർ പൂക്കോട്ടെ സി.എൻ. രജിത്തിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

30 അടി താഴ്ചയിൽ ചെളിയും വെള്ളവും കെട്ടി നിൽക്കുന്ന കനാലിലേക്കാണ് കാർ മറിഞ്ഞത്. രാവിലെ പള്ളൂരിൽ പോയി കാറിൽ ഇന്ധനം നിറച്ച് മടങ്ങും വഴിയായിരുന്നു അപകടം. മുന്നിലുള്ള കാർ കനാൽ റോഡിലേക്ക് കയറാൻ ബ്രേക്ക് ചെയ്തപ്പോൾ കാറിന് പിൻവശം ഇടിച്ച് നേരെ കനാലിൽ പതിക്കുകയായിരുന്നു. സഹോദരിയുടെ മരണവീട്ടിലേക്ക് എരുവട്ടി കാപ്പുമ്മലിൽ നിന്ന് വരികയായിരുന്ന ജതീന്ദ്രൻ പുത്തലത്ത് ഓടിച്ചിരുന്ന കാറിന് പിന്നിലാണ് ഇടിച്ചത്. ഇദ്ദേഹം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കതിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.