നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ
ആറ്റിങ്ങൽ: നിരവധി മോഷണ കേസിലെ പ്രതി മഞ്ഞമല മേൽ തോന്നയ്ക്കൽ രാജിയ മനസിൽ അബ്ദുൾ ഹാദി (24 ) ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി . തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട് . ആലംകോട് ചത്തമ്പറ മുസ്ലിം പള്ളി ഇമാമിന്റെ ബൈക്ക് മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണിയാൾ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത് . ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി.ബിനുവിന്റെ നിർദ്ദേശത്തിൽ ആറ്റിങ്ങൽ ഐ.എസ്.എച്ച്. ഒ.തൻസിം അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എ.എസ്.ഐ രാജീവൻ, സി. പി.ഒ റിയാസ് തുടങ്ങിയവർ നടത്തിയ പരിശോധനയിൽ ലഭിച്ച പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ആലപ്പുഴയിലെ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കാർ മോഷണം, പാങ്ങാട് സ്റ്റേഷനിൽ മൊബൈൽ മോഷണം, ചേർത്തലയിലെ മോഷണ കേസിലും ഇയാൾ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.