ആഡംബര വാഹന ലോകത്തും ഇലക്‌ട്രിക് വിപ്ളവം
കൊച്ചി: ഇന്ത്യയിൽ ആഡംബര വാഹനനിർമ്മാതാക്കളും ഇപ്പോൾ ശ്രദ്ധയൂന്നുന്നത് ഇലക്‌ട്രിക് മോഡലുകളിൽ. മെഴ്‌സിഡെസ്-ബെൻസ്, ബി.എം.ഡബ്ള്യു, ഔഡി, ലെക്‌സസ്, മിനി, വോൾവോ എന്നിവയെല്ലാം ഇലക്‌ട്രിക് മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ● പെട്രോൾ, ഡീസൽ മോഡലുകളേക്കാൾ വില ഏറെ കൂടുതലാണെങ്കിലും ഇന്ത്യയിൽ ആഡംബര ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ.വി) വലിയ പ്രിയമുണ്ടെന്ന് നിർമ്മാതാക്കൾ പറയുന്നു. ● മൊത്തം ആഡംബര വാഹനവില്പനയുടെ 0.9 ശതമാനമായിരുന്നു 2022 ജനുവരിയിൽ ആഡംബര ഇ.വി വില്പന. കഴിഞ്ഞ ഡിസംബറിൽ ഇത് 3.8 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു.
● ജി.എസ്.ടി അഞ്ച് ശതമാനം മാത്രമേയുള്ളൂ എന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു. നിരവധി സംസ്ഥാനങ്ങളിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയിൽ ആകർഷക ഇളവുമുണ്ട്. ● ഔഡി ക്യു8 ഇ-ട്രോൺ, മിനി ഇ.വി., വോൾവോ ഇ.എക്‌സ് 90, സി40 റീചാർജ് തുടങ്ങിയവ 2023ൽ വിപണിയിലെത്തുന്ന പുത്തൻ ആഡംബര ഇ.വികളാണ്. ● മെഴ്‌സിഡെസിന്റെ ഇ.ക്യു.ബി., എ.എം.ജി ഇ.ക്യു.എസ് 53, ആഭ്യന്തരമായി നിർമ്മിച്ച ഇ.ക്യു.എസ് 580 എന്നിവ വിപണിയിൽ നേടിയത് മികച്ച സ്വീകാര്യതയാണ്. 2025ഓടെ എല്ലാ മോഡലുകളും ഇലക്‌ട്രിക് ആക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് ആഡംബര ബ്രാൻഡായ ലെക്‌സസ്.