ധനകാര്യ സ്ഥാപന ഉടമയെ ആകമിച്ച് കവർച്ച നടത്തി ഒളിവിൽ പോയ പ്രതി പിടിയിൽ

Monday 13 February 2023 12:52 AM IST

തിരുവനന്തപുരം: ഉച്ചക്കടയിലെ സ്വർണപ്പണയ സ്ഥാപന ഉടമയെ ബൈക്ക് കൊണ്ടിടിച്ച് റോഡിൽ തള്ളിയിട്ടശേഷം ബാഗിലുണ്ടായിരുന്ന 20 പവൻ സ്വർണവും ഒന്നേ മുക്കാൽ ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. മണക്കാട് വില്ലേജിൽ ആറ്റുകാൽ പുത്തൻകോട്ട ദേവിനഗറിൽ മകയിരം വീട്ടിൽ അപ്പു എന്ന വിഷ്ണുമൂർത്തിയെയാണ് ( 24 ) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തത്.

കഴിഞ്ഞ വർഷം ജൂലായ് 29ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഉച്ചക്കട ചപ്പാത്ത്‌ റോഡിൽ വട്ടവിള ജംഗ്ഷനിൽ സുകൃത ഫൈനാൻസ് ഉടമ കോട്ടുകാൽ സ്വദേശി പദ്മകുമാറിന്റെ പക്കലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗാണ് ബൈക്കിലെത്തിയ വിഷ്ണുമൂർത്തി ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്. കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെ വിഴിഞ്ഞം പൊലീസ്‌ നേരത്തെ അറസ്റ്റുചെയ്‌തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ പുത്തൻകോട്ട ഭാഗത്തു നിന്നുമാണ്‌ പൊലീസ് പിടികൂടിയത്.