കൊട്ടാരവളവിൽ മൂടുന്നത് രണ്ടരയേക്കർ വെള്ളക്കെട്ട്

Monday 13 February 2023 12:07 AM IST
തോട്ടപ്പള്ളി കൊട്ടരവളവിൽ നടക്കുന്ന അനധികൃത നികത്തൽ

# ആയുർവേദ റിസോർട്ടിനായി അനുമതിയില്ലാതെ നികത്തൽ

ആലപ്പുഴ: തോട്ടപ്പള്ളി കൊട്ടരവളവിൽ ആയുർവേദ റിസോർട്ട് നിർമ്മിക്കാൻ ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ രണ്ടര ഏക്കർ വെള്ളക്കെട്ട് അനുമതിയില്ലാതെ നികത്തിയത് വിവാദമാകുന്നു. എച്ച്.സലാം എം.എൽ.എ ഇടപെട്ടതിനെത്തുടർന്ന് തുടർന്ന് നികത്തൽ തടഞ്ഞുകൊണ്ട് കളക്ടർ ഉത്തരവിറക്കി.

അമ്പലപ്പുഴ തഹസീൽദാരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് അനധികൃത നികത്തൽ കണ്ടെത്തിയത്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പുറക്കാട് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു. ഇന്നലെ വില്ലേജ് ഓഫീസർ തഹസീൽദാർക്ക് റിപ്പോർട്ട് കൈമാറി. 1968ലെ സെറ്റിൽമെന്റ് രജിസ്റ്ററിൽ പുരയിടമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് ശേഷം പുറത്തിറങ്ങിയ സിനിമകളായ നോക്കത്താദൂരത്തെ കണ്ണുംനട്ട്, ലാൽസലാം എന്നിവയിൽ ഇത് വെള്ളക്കെട്ടായിട്ടായി കാണാനാകും. രാത്രിയിൽ ടിപ്പറിലും ചെറുലോറികളിലും ഗ്രാവലും മണലും ഉപയോഗിച്ചാണ് നികത്തുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ വാഹനങ്ങൾ പിടിച്ചെങ്കിലും രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇക്കാരണത്താൽ താലൂക്ക് തലത്തിലുള്ള പരിശോധന സംഘം രംഗത്തെത്തില്ല.

നീർത്തടങ്ങൾ കരഭൂമിയാണെന്ന വ്യാജേനയാണ് നികത്തൽ. അനധികൃത നികത്തലിനെതിരെ പഞ്ചായത്ത് അധികൃതർ പരാതി ഉന്നയിച്ചിട്ടും ഉദ്യോഗസ്ഥരുടെ മൗനം തുടരുകയാണ്. നികത്താൻ കോടതി വിധിയുണ്ടെന്ന വിശദീകരണമാണ് ചില ഉദ്യോഗസ്ഥർ നൽകുന്നത്. നൂറു മേനി വിളവ് കൊയ്യുന്ന നെൽപ്പാടങ്ങൾ ഉൾപ്പെടെയാണ് പുറക്കാട് വില്ലേജ് പരിധിയിൽ നികത്തുന്നത്.

# തടഞ്ഞിട്ടും ഗുണമില്ല

കഴിഞ്ഞ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് കൊട്ടാരവളവിൽ നികത്തൽ തുടങ്ങിയത്. അന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി തടഞ്ഞു. പുരയിടമാണെന്ന രേഖ വസ്തു ഉടമ ഹാജരാക്കിയെങ്കിലും തുടർന്ന് നികത്താനുള്ള അനുമതി വില്ലേജ് അധികൃതർ നൽകിയില്ല. ഗ്രാവൽ നിരത്തിയ ശേഷം മുകളിൽ കൊല്ലം നഗരസഭയുടെ കാനകൾ ശുചീകരിച്ച മണലും എക്കലും കലർന്ന മണലിട്ട് കാലപ്പഴക്കം തോന്നിക്കുന്ന പുരയിടമാക്കി മാറ്റി. ആറുമാസം കൊണ്ട് ഈ ഭാഗം വള്ളിക്കാടായി മാറി. വില്ലേജ് ഓഫീസർ അവധിയിലായിരുന്നപ്പോൾ മേൽതട്ടിലുള്ള റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നികത്തൽ ആരംഭിക്കുകയായിരുന്നു.

പുറക്കാട് വില്ലേജ് പരിധിയിലും തോട്ടപ്പളളിയിലും സ്വകാര്യ വ്യക്തികൾ അനധികൃതമായി നിലം നികത്തുന്നതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ, ആർ.ഡി.ഒ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൃത്രിമരേഖകൾ ചമച്ചിട്ടുണ്ടൊയെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം. അനധികൃതമായ നികത്തൽ തടയാൻ അടിയന്തിര നടപടി സ്വീകരിച്ച് സമഗ്രമായ അന്വഷണം നടത്തണം

എച്ച്. സലാം എം.എൽ.എ

തഹസീൽദാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് അനധികൃത നികത്ത് തടഞ്ഞു സ്റ്റോപ്പ് മെമ്മോ കൊടുത്തു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തു‌ടർ നടപടി സ്വീകരിക്കും

സന്തോഷ് കുമാർ, എ.ഡി.എം

രേഖകളിൽ 1968ലെ സെറ്റിൽമെന്റ് രജിസ്റ്റർ അനുസരിച്ചും റീസർവേ ബി.ടി.ആർ അനുസരിച്ചും പുരയിടമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ ആറ് മാസംമുമ്പ് നികത്തിയപ്പോൾ സ്റ്റോപ്പ്മെമ്മോ നൽകിയ റിപ്പോർട്ട് മേലധികാരികൾക്ക് കൈമാറിയിരുന്നു. വീണ്ടും നികത്തിയതിന്റെ റിപ്പോർട്ട് കൈമാറി

വില്ലേജ് ഓഫീസർ, പുറക്കാട്