ഇലക്ട്രിക് കടയിൽ മോഷണം: 5 അന്യ സംസ്ഥാനക്കാർ പിടിയിൽ

Monday 13 February 2023 12:26 AM IST

കായംകുളം: കായംകുളത്ത് ഇലക്ട്രിക് കടയിൽ നിന്നു 5 ലക്ഷം രൂപയുടെ കേബിളുകളും കാമറയും മോഷ്ടിച്ച കേസിൽ അന്യ സംസ്ഥാനക്കാരായ 5 പേർ പിടിയിൽ.ജെ.ആർ.കെ ഇലക്ട്രിക്കൽസിൽ കഴിഞ്ഞ 8ന് പുലർച്ചെയാണ് മോഷണം നടന്നത്.

കൊൽക്കത്ത സ്വദേശി നസിം ഖാൻ (32), ഡൽഹി സ്വദേശി മുഹമ്മദ് ഇമാൻ (24), മുഹമ്മദ് ആരിഫ് (28), വെസ്റ്റ് ബംഗാൾ സ്വദേശി ടിങ്കു (34), ബംഗളുരു സ്വദേശി അമിജാൻ (53) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി സസിം ഖാൻ ആക്രി പെറുക്കാൻ വന്നപ്പോൾ കടയുടെ ഗോഡൗൺ തുറന്നു കിടക്കുന്നത് കണ്ട് മറ്റ് പ്രതികളുമായി ചേർന്ന് മോഷണം നടത്തി വാടകയ്ക്കെടുത്ത ആപേ വാഹനത്തിൽ ആദിക്കാട്ടുകുളങ്ങര സ്വദേശിക്ക് വിൽക്കുകയായിരുന്നു. കേബിളുകളിലെ ചെമ്പ് കമ്പി കഷണങ്ങളാക്കി മാറ്റിയാണ് വിൽപന നടത്തിയത്. കായംകുളം ഡിവൈ.എസ്.പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ വി. ഉദയകുമാർ, എം. ശ്രീകുമാർ, എ.എസ്.ഐ റീന, പൊലീസുകാരായ ദീപക്, ഷാജഹാൻ, അനീഷ്, ഫിറോസ്, രാജേന്ദ്രൻ, സുനിൽ കുമാർ, ഇയാസ്, മണിക്കുട്ടൻ, സബീഷ്, ശിവകുമാർ, ജയലക്ഷ്മി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.