രാജ്യത്തിന്റെ ഗുരുപാരമ്പര്യത്തെ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി

Monday 13 February 2023 1:52 AM IST

ന്യൂഡൽഹി: ആധുനികത കൊണ്ടുവരുമ്പോൾ തന്നെ രാജ്യത്തിന്റെ ഗുരുപാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യപരിഷ്ക്കർത്താവും ആര്യസമാജം സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതിയുടെ ഇരുനൂറാം ജയന്തി ആഘോഷപരിപാടികൾ ഡൽഹിയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ നയങ്ങളിൽ വിവേചനമില്ല. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പുരോഗമനത്തിന് മുഖ്യപരിഗണനയാണ് നൽകുന്നത്. പാരമ്പര്യത്തിന്റെയും വികസനത്തിന്റെയും ട്രാക്കുകളിലൂടെ മുന്നോട്ട് ചലിക്കുന്ന രാജ്യം പരിസ്ഥിതി മേഖലയിൽ ലോകത്തിന് വഴി തെളിക്കുകയാണ്. ഈ വ‌ർഷത്തെ ജി 20ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്നുവെന്നത് അഭിമാനകരമാണ്.

സ്വാമി ദയാനന്ദ സരസ്വതിയുടെ സംഭാവനകളും അദ്ദേഹം തെളിച്ച വഴിയും കോടികണക്കിന് പേ‌ർക്ക് പ്രതീക്ഷ നൽകുന്നതാണ്. അയിത്തോച്ചാടനം,​സ്‌ത്രീ ശാക്തീകരണം എന്നിവയ്‌ക്കായി ദയാനന്ദസരസ്വതി പ്രവർത്തിച്ചു. വനിതകൾ ഇപ്പോൾ സി‌യാച്ചിൻ അതിർത്തിയിൽ മുഖ്യപങ്ക് വഹിക്കുന്നുവെന്നും യുദ്ധവിമാനങ്ങൾ പറത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ആഘോഷങ്ങളുടെ ലോഗോ പ്രധാനമന്ത്രി പ്രകാശനം ചെയ്‌തു. ഗുജറാത്ത് ഗവർണർ ആചാര്യ ദേവ്‌വ്രത്,​ കേന്ദ്രമന്ത്രിമാരായ ജി.കിഷൻ റെഡ്‌ഡി,​മീനാക്ഷി ലേഖി,​അർജുൻ റാം മേഘ്‌വാൽ തുടങ്ങിയവർ പങ്കെടുത്തു.