ജസ്റ്റിസ് അബ്‌ദുൾ നസീ‍ർ: അയോദ്ധ്യ, നോട്ട് നിരോധന കേസിൽ വിധി പറഞ്ഞ ജഡ്‌ജി

Monday 13 February 2023 1:58 AM IST

ന്യൂഡൽഹി: അയോദ്ധ്യ തർക്ക ഭൂമി,നോട്ട് നിരോധനം അടക്കമുള്ള വിവാദ കേസുകളി‍ൽ ചരിത്ര വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചുകളുടെ ഭാഗമായിരുന്ന ന്യായാധിപനാണ് സുപ്രീംകോടതി ജഡ്‌ജി പദവിയിൽ നിന്ന് വിരമിച്ച് 39-ാം ദിവസം ആന്ധ്രാ ഗവർണർ പദവിയിലെത്തിയ ജസ്റ്റിസ് എസ്. അബ്‌ദുൾ നസീർ. വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹം അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കേന്ദ്രസ‌ർക്കാരിന്റെ നോട്ടു നിരോധനം ശരിവച്ചത്.

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയും പകരം മസ്ജിദ് നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിച്ചും ഉത്തരവിട്ട സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക മുസ്ലിം ജഡ്‌ജിയായിരുന്നു അബ്‌ദുൾ നസീ‌ർ. രാജ്യതാത്പര്യത്തിനും സമാധാനത്തിനുമാണ് സുപ്രീംകോടതി ഊന്നൽ നൽകിയതെന്ന വികാരമാണ് ജുഡിഷ്യറിയിൽ നിന്ന് അന്നുയർന്നത്. അബ്‌ദുൾ നസീറടക്കം ബെഞ്ചിലെ അഞ്ച് ജഡ്‌ജിമാരുടെയും പേര് അയോദ്ധ്യാ വിധിയിൽ ചേർത്തിരുന്നില്ല. ബെഞ്ചിലുണ്ടായിരുന്ന മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വിരമിച്ച ശേഷം രാജ്യസഭാംഗവും ജസ്റ്റിസ് അശോക് ഭൂഷൺ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണൽ അദ്ധ്യക്ഷനുമായി.

അതേസമയം, മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ഭൂരിപക്ഷ വിധിക്കൊപ്പം അബ്‌ദുൾ നസീർ നിന്നില്ല. മുത്തലാഖ് നിയമപരമായി നിലനില്ക്കുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. സ്വകാര്യത മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച വിശാല ബെഞ്ചിന്റെ ഭാഗമായിരുന്നു. ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് പി.ഡി.പി. നേതാവ് അബ്‌ദുൾ നാസർ മഅ്ദനി സമർപ്പിച്ച ഹ‌ർജിയും അഭയ കേസിൽ ഫാദർ ജോസ് പിതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്‌ത് ജോമോൻ പുത്തൻപുരയ്‌ക്കൽ സമർപ്പിച്ച ഹർജിയും തള്ളിയത് അബ്‌ദുൾ നസീറിന്റെ ബെഞ്ചാണ്.

ജസ്റ്റിസ് അബ്‌ദുൾ നസീറിന്റെ നിയമനത്തെ അപലപിച്ച് കോൺഗ്രസ് രംഗത്തെത്തി. വിരമിക്കുന്ന ജഡ്‌ജിമാർക്ക് പദവി നൽകുന്ന നടപടി ജുഡിഷ്യറിക്ക് ഭീഷണിയാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞു.ഗവർണർ വാഗ്ദാനം ജസ്റ്റിസ് അബ്‌ദുൾ നസീർ നിരസിക്കണമെന്ന് എ.എ. റഹീം എം.പി. ആവശ്യപ്പെട്ടു.അതേ സമയം, കോൺഗ്രസിന്റെയും ഇടത് പാർട്ടികളുടെയും നോട്ടത്തിൽ അയോദ്ധ്യ വിധി പറഞ്ഞതാണ് അബ്‌ദുൾ നസീർ ചെയ്‌ത പാപമെന്ന് ബി.ജെ.പി. സംഘടനാ ചുമതലയുളള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് പരിഹസിച്ചു.