രണ്ട് സുപ്രീംകോടതി ജഡ്‌ജിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Monday 13 February 2023 2:02 AM IST

ന്യൂഡൽഹി : അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദലും, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറും സുപ്രീംകോടതി ജഡ്‌ജിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുക്കും. ഇതോടെ 34 ജഡ്‌ജിമാരും തികഞ്ഞ് സുപ്രീംകോടതി പൂർണ അംഗബലത്തിലെത്തും.

അതേസമയം, നാല് ഹൈക്കോടതികളിൽ ഒരു വനിതാ ജഡ്‌ജിയെ അടക്കം ചീഫ് ജസ്റ്റിസുമാരായി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. സുപ്രീംകോടതി കൊളീജിയം ശുപാർശകൾ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു.

ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അവിടത്തെ മുതിർന്ന ജഡ്‌ജി സോണിയ ജി. ഗോകനിയെ നിയമിച്ചു. ജസ്റ്റിസ് അരവിന്ദ് കുമാറിന് സുപ്രീംകോടതി ജഡ്‌ജിയായി സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലാണ് നിയമനം. നിലവിൽ രാജ്യത്തെ ഹൈക്കോടതികളിലെ ഏക വനിതാ ചീഫ് ജസ്റ്റിസാവും സോണിയ ജി. ഗോകനി.

ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി രാജസ്ഥാൻ ഹൈക്കോടതി ജഡ്‌ജി സന്ദീപ് മേഹ്‌തയെ നിയമിച്ചു. കേരള ഹൈക്കോടതി ജഡ്‌ജി കെ. വിനോദ് ചന്ദ്രനെ ഗുവാഹത്തി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന ആദ്യ ശുപാർശ സുപ്രീംകോടതി കൊളീജിയം തിരിച്ചുവിളിച്ചിരുന്നു. പകരം പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്രിസായി നിയമിക്കാൻ ശുപാർശ നൽകിയിട്ടുണ്ട്.

ഒഡീഷ ഹൈക്കോടതി ജഡ്‌ജി ജസ്വന്ത് സിംഗിനെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായും,​ ഗുവാഹത്തി ഹൈക്കോടതി ജഡ്‌ജി എൻ. കോടീശ്വർ സിംഗിനെ ജമ്മുകാശ്‌മീർ - ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. നിയമനം വിവരം ട്വീറ്റ് ചെയ്‌ത കേന്ദ്രമന്ത്രി കിരൺ റിജിജു,​ നാല് ജഡ്‌ജിമാർക്കും ആശംസകൾ നേർന്നു.