വികസന ഇന്ത്യയുടെ മഹത്തായ ചിത്രം: പ്രധാനമന്ത്രി മുംബയ്-ഡൽഹി അതിവേഗ പാത; രാജസ്ഥാൻ സ്ട്രെച്ച് തുറന്നു

Monday 13 February 2023 2:07 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഡൽഹി-മുംബയ് അതിവേഗ പാതയുടെ ഭാഗമായ രാജസ്ഥാനിലെ സോഹ്‌ന - ദൗസ - ലാൽസോട്ട് പാത (246 കി.മീ.) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ ഡൽഹി-ജയ്‌പൂർ യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും.

ലോകത്തിലെ ഏറ്റവും നൂതനമായ അതിവേഗപാത, വികസന ഇന്ത്യയുടെ ഒരു മഹത്തായ ചിത്രമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജസ്ഥാനിൽ 5940 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന 247 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതാ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു.

ആധുനിക റോഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, റെയിൽവേ പാതകൾ, മെട്രോ, വിമാനത്താവളങ്ങൾ എന്നിവയിലൂടെ രാജ്യത്തിന്റെ വികസനവും ചലിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 9 വർഷമായി അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്ര സർക്കാർ വൻ നിക്ഷേപം നടത്തുന്നു. പുതിയ ബഡ്‌ജറ്റിൽ 10 ലക്ഷം കോടി രൂപ വകയിരുത്തി. അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപങ്ങൾ സമ്പദ്‌വ്യവസ്ഥയ്‌ക്ക് നേട്ടമുണ്ടാക്കുകയും കൂടുതൽ തൊഴിൽ നല്കുകയും ചെയ്യുന്നു.

ഹൈവേകൾ, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഒപ്റ്റിക്കൽ ഫൈബർ, ഡിജിറ്റൽ ബന്ധിപ്പിക്കൽ, വീടുകളുടെയും കോളേജുകളുടെയും നിർമ്മാണം എന്നിവയിൽ നിക്ഷേപം നടത്തുമ്പോൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ശാക്തീകരിക്കപ്പെടും. എക്‌സ്‌പ്രസ് ഹൈവേയിൽ പ്രാദേശിക കർഷകരെയും കരകൗശല തൊഴിലാളികളെയും സഹായിക്കാൻ ‌'ഗ്രാമീൺ ഹാട്ടുകൾ' സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര സഹമന്ത്രി വി.കെ.സിംഗ്, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും വീഡിയോ ലിങ്ക് വഴി ചേർന്നു. 1,386 കിലോമീറ്ററുള്ള മുംബയ്-ഡൽഹി അതിവേഗ പാത പൂർത്തിയാകുന്നതോടെ മുംബയ്-ഡൽഹി യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയും.

ആദ്യഘട്ട ചെലവ് 12,150 കോടി

ആദ്യഘട്ടമായ സോഹ്‌ന - ദൗസ - ലാൽസോട്ട് പാതയുടെ നിർമ്മാണ ചെലവ് 12,150 കോടി

 വൈദ്യുത വാഹനങ്ങൾക്ക് പ്രത്യേക പാതകൾ, ചാർജിംഗ് സ്റ്റേഷനുകൾ, ഹെലിപാഡുകൾ, ട്രോമാ സെന്ററുകൾ, ഓരോ രണ്ട് കി.മീറ്ററിലും സഹായ കേന്ദ്രങ്ങൾ

ഹരിയാനയിലെ ഗുരുഗ്രാം, സോഹ്‌ന, നൂഹ്, മേവാത്ത്, രാജസ്ഥാനിലെ അൽവാർ, ദൗസ എന്നിവയെ ബന്ധിപ്പിക്കും

 എട്ട് എൻട്രി, എക്സിറ്റ് പോയിന്റുകൾ

 120 കിലോമീറ്റർ വേഗതയിൽ യാത്ര

ലാഭം:

പ്രതിവർഷം ഏകദേശം 30000 കോടി ലിറ്റർ ഇന്ധനം

80000 കിലോഗ്രാം കാർബൺ മലിനീകരണം കുറയും

 ഓട്ടോമാറ്റിക് ടോൾ ബൂത്തുകൾ വഴി ടോൾ പിരിവ് (ഒരു തവണ)

220 കിലോമീറ്ററുള്ള ഡൽഹി-ജയ്‌പൂർ യാത്രയ്‌ക്ക്

ടോൾ 70 രൂപ

മുംബയ്-ഡൽഹി അതിവേഗ പാത

ആകെ നീളം: 1,386 കിലോമീറ്റർ.

1,424 കി.മീറ്റർ ദൂരം 1,242 കി.മീറ്ററായും യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായും കുറയും

 കോട്ട, ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നു

 നിർമ്മാണത്തിലുള്ള ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളായ ജെവാർ, നവി മുംബൈ വിമാനത്താവളം, ജെ.എൻ.പി.ടി തുറമുഖം എന്നിവയ്ക്കും അതിവേഗ പാതയുടെ സേവനം ലഭിക്കും.

ഭാവിയിൽ 12 ലൈനുകളായി വികസിപ്പിക്കാൻ കഴിയുന്ന തരത്തിൽ നിർമ്മാണം

 വൈദ്യുതി വാഹനങ്ങൾക്ക് പ്രത്യേക പാത, ചാർജ്ജിംഗ് സ്റ്റേഷനുകൾ, ഹെലിപാഡുകൾ, ട്രോമകെയർ സെന്ററുകൾ

 പാത കടന്നുപോകുന്ന സ്ഥലത്തെ വന്യജീവി സങ്കേതങ്ങളെ ബാധിക്കാത്ത വിധം മൃഗങ്ങൾക്ക് മേൽപ്പാലങ്ങളും അടിപ്പാതകളും തുരങ്കങ്ങളും(ഏഷ്യയിൽ ആദ്യം)

Advertisement
Advertisement