ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പിന് തുടക്കം

Monday 13 February 2023 2:18 AM IST

തൃശൂർ: റോബോട്ടിക്‌സ്, ഐ.ഒ.ടി, ത്രീഡി മോഡലിംഗ് തുടങ്ങിയവയിൽ സ്‌കൂൾ വിദ്യാർത്ഥികൾ പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പിന് കൈറ്റ് തൃശൂർ ജില്ലാ കേന്ദ്രത്തിൽ തുടക്കം. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് മുഴുവൻ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി കുട്ടികൾക്കും അടുത്ത വർഷം പരിശീലനം നൽകുന്നതോടൊപ്പം പൊതുജനങ്ങൾക്കായി വിപുലമായ ഡിജിറ്റൽ മീഡിയാ ലിറ്ററസി പരിപാടിയും നടപ്പാക്കുമെന്ന് ക്യാമ്പ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത കൈറ്റ് സി.ഇ.ഒ: കെ.അൻവർ സാദത്ത് പറഞ്ഞു. ജില്ലയിലെ സ്‌കൂളുകളിൽ ലഭ്യമായ 774 റോബോട്ടിക്‌സ് കിറ്റുകൾ പ്രയോജനപ്പെടുത്തും. ജില്ലയിൽ 23,169 രക്ഷിതാക്കൾക്ക് നൂതന സാങ്കേതിക വിദ്യകൾ, സൈബർ സുരക്ഷ, വ്യാജ വാർത്തകളെ തിരിച്ചറിയലും പ്രതിരോധിക്കലും തുടങ്ങിയ മേഖലകളിൽ വിജയകരമായി നടത്തിയ പരിശീലനത്തിന്റെ അനുഭവം ഉൾക്കൊണ്ടാണ് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിപാടി ലിറ്റിൽ കൈറ്റ്‌സിലൂടെ നടപ്പാക്കുക.