കർഷകരെ നേരിട്ടറിഞ്ഞ് ക്ഷീര സ്പന്ദനം
തൃശൂർ: സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഭാഗമായി ക്ഷീരകർഷക ഭവനങ്ങളും ക്ഷീരസംഘങ്ങളും തൃശൂർ മിൽമ പ്ലാന്റും സന്ദർശിക്കുന്ന ക്ഷീര സ്പന്ദനം പരിപാടിക്ക് പാണഞ്ചേരി പഞ്ചായത്തിലെ പട്ടികവർഗ്ഗ കോളനിയായ മണിയൻ കിണറിൽ തുടക്കം കുറിച്ചു. മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി കോളനിയിലെ ക്ഷീരകർഷകരുമായി സംവദിച്ചു. മണിയൻ കിണറിൽ തരിശായി കിടക്കുന്ന ഭൂമിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തീറ്റപുല്ല്, പച്ചക്കറി എന്നിവ കൃഷി ചെയ്ത കൂടുതൽ വരുമാനം ഉണ്ടാക്കാൻ ആവശ്യമായ പദ്ധതി തയ്യാറാക്കണമെന്ന് മന്ത്രി പറഞ്ഞു. തീറ്റപ്പുൽ കൃഷി കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിച്ചാൽ തീറ്റയിനത്തിൽ പശുവിന് ചെലവാകുന്ന പണം ലാഭിക്കാൻ സാധിക്കും. മദിലക്ഷണം കാണിക്കുന്ന പശുക്കൾക്ക് കൃത്യസമയത്ത് ബീജം ലഭിക്കുന്നില്ല എന്നുള്ള പരാതിയുണ്ട്. 1962 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഫോണിലും നേരിട്ടും ലഭ്യമാവും. ബീജം കേടുകൂടാതെ സംഭരിച്ച് സൂക്ഷിക്കാനും കർഷകരുടെ വീട്ടുമുറ്റത്തെത്തിക്കാനും ആധുനിക സൗകര്യമുള്ള വാഹനം ഉടൻ സജ്ജമാവും. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പശുക്കളെ വാങ്ങാൻ 90 ശതമാനം സബ്‌സിഡി ലഭ്യമാവുന്ന പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഊരുമൂപ്പൻ എം.എ കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. എം.ടി ജയൻ മുഖ്യപ്രഭാഷണം നടത്തി.