കൂട്ടിൽ നിന്ന് പുറത്തുചാടി, ഇപ്പോൾ നാട്ടിൽ സെലിബ്രിറ്റി

Monday 13 February 2023 6:51 AM IST

വാഷിംഗ്ടൺ : മൃഗശാലയിൽ നിന്ന് പുറത്തുചാടിയതിന് പിന്നാലെ അധികൃതരെ വട്ടംചുറ്റിച്ച് സെലിബ്രിറ്റി പരിവേഷം നേടി മൂങ്ങ. യൂറേഷ്യൻ ഈഗിൾ - ഔൾ ഇനത്തിലെ 'ഫ്ലാകോ " എന്ന മൂങ്ങ ഫെബ്രുവരി 2നാണ് ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്ക് മൃഗശാലയിൽ നിന്ന് പുറത്തുചാടിയത്. ചിലർ മൂങ്ങയുടെ കൂട് തകർക്കുകയായിരുന്നു. പാർക്കിന്റെ പരിസരത്ത് നിരവധി പേർ ഫ്ലാകോയെ കണ്ടു. ഓക്ക് മരങ്ങളിലും മറ്റും പറന്നുവന്നിരിക്കുന്ന ഫ്ലാകോയെ ഏവരും കൗതുകത്തോടെയാണ് കാണുന്നത്. ഫ്ലാകോയുടെ വലിപ്പം തന്നെയാണ് ഇതിന് കാരണം. ഫ്ലാകോയെ വലയിലാക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. പാർക്കിന്റെ പരിസരത്ത് തന്നെ ചുറ്റിക്കറങ്ങുന്ന ഫ്ലാകോ ഉയർന്ന മരങ്ങൾ തിരഞ്ഞെടുക്കുന്നതിനാൽ പിടികൂടാനാകാതെ അധികൃതർ ബുദ്ധിമുട്ടുകയാണ്. ഫ്ലാകോയ്ക്ക് ഇരപിടിക്കാനാകില്ലെന്നും ഭക്ഷണം ലഭിക്കാതെ ആരോഗ്യം മോശമായേക്കുമെന്നുമാണ് അധികൃതരുടെ ഭയം. വ്യാഴാഴ്ച രാത്രി അധികൃതർ ഒരുക്കിയ കെണിയിൽ ഫ്ലാകോ ഏറെക്കുറെ പെട്ടിരുന്നു. കെണിയിൽ ഫ്ലാകോയുടെ കാൽ കുടുങ്ങിയെങ്കിലും മൃഗശാല ജീവനക്കാർ എത്തും മുന്നേ രക്ഷപ്പെട്ടു. പേര് പോലെ തന്നെ യൂറേഷ്യൻ മേഖലകളിൽ കാണപ്പെടുന്നവയാണ് യൂറേഷ്യൻ ഈഗിൾ - ഔൾ. തിളങ്ങുന്ന ഓറഞ്ച് നിറത്തിലെ കണ്ണുകളും തലയിലെ കൂർത്ത ഭാഗവും ഇവയുടെ പ്രത്യേകതയാണ്. മൂങ്ങകൾക്കിടെയിലെ ഏറ്റവും വലിയ സ്പീഷീസുകളിലൊന്നായ ഇവയ്ക്ക് 75 സെന്റീമീറ്റർ വരെ നീളം വയ്ക്കാം. ചിറകുകൾ തമ്മിൽ പരമാവധി 6 അടി 2 ഇഞ്ച് വരെയും നീളം ഉണ്ടായേക്കാം.

Advertisement
Advertisement