തുർക്കി-സിറിയ ഭൂകമ്പം: വെല്ലുവിളിയായി മോഷണവും  മരണം 33,​000 കടന്നു

Monday 13 February 2023 6:52 AM IST

ഇസ്താംബുൾ: തുർക്കി-സിറിയ ഭൂകമ്പ രക്ഷാപ്രവർത്തനങ്ങൾക്കിടെ വെല്ലുവിളിയായി മോഷണവും അക്രമങ്ങളും. തകർന്ന കെട്ടിടങ്ങളിൽ മോഷണം,കബളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 98 പേർ ഇതുവരെ അറസ്റ്റിലായി. ഇവരിൽ നിന്ന് പണം,തോക്ക്,റൈഫിൾ,ആഭരണങ്ങൾ,ബാങ്ക് കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തു.ഭൂകമ്പ ബാധിതർക്കായി ട്രക്കിലെത്തിച്ച ഭക്ഷ്യലോഡുകൾ രക്ഷാപ്രവർത്തകരുടെ വേഷത്തിലെത്തി മോഷ്ടിക്കൻ ശ്രമിച്ച രണ്ട് പേർ തെക്കൻ തുർക്കിയിലെ ഹാതെയ് പ്രവിശ്യയിൽ അറസ്റ്റിലായി. ഇതിനിടെ ഹാതെയിൽ രണ്ട് വിഭാഗക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ ഓസ്ട്രിയൻ ആർമിയും ജർമ്മൻ സംഘവും രക്ഷാപ്രവർത്തനം നിറുത്തിവച്ചിരുന്നു. തുർക്കി സൈന്യം സുരക്ഷ ഒരുക്കിയതോടെ പുനരാരംഭിച്ചു. ഏറ്റുമുട്ടലുണ്ടായ വിഭാഗങ്ങൾ ഏതാണെന്ന് വ്യക്തമല്ല.

ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 33,000കടന്നു. എന്നാൽ 50,000ത്തോളം എത്താമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൂട്ടൽ. ഭൂകമ്പമുണ്ടായിട്ട് ഇന്ന് ഒരാഴ്ച തികയുമ്പോൾ ഇനി കൂടുതൽ പേരെ ജീവനോടെ പുറത്തെടുക്കാനായേക്കില്ലെന്നാണ് വിലയിരുത്തൽ. ആശുപത്രികളും മോർച്ചറികളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞതോടെ ഒരു പരുത്തി കൃഷി ഭൂമിയെ ശ്മശാനമാക്കി മാറ്റി. ഇതിനിടെ മൃതദേഹങ്ങൾ മാറ്റാനുള്ള ബോഡി ബാഗുകൾക്കും ക്ഷാമമുണ്ട്. പകർച്ചവ്യാധി ഉണ്ടാകുമെന്ന ഭീതിയും.

അതേ സമയം, വടക്ക് പടിഞ്ഞാറൻ സിറിയയിലെ വിമത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായെന്ന് മേഖലയിലെ വോളന്റിയർ ഗ്രൂപ്പായ വൈറ്റ് ഹെൽമെറ്റ്സ് അറിയിച്ചു. വിമത മേഖലകളിലേക്ക് സഹായം നൽകാൻ സിറിയൻ സർക്കാർ സമ്മതിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.

തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് തങ്ങളുടെ ബന്ധുക്കൾക്കൊപ്പം രാജ്യത്ത് താത്കാലികമായി താമസിക്കാനുള്ള അടിയന്തര വിസ അനുവദിക്കുമെന്ന് ജർമ്മനി അറിയിച്ചു. മൂന്ന് മാസമാണ് വിസയുടെ കാലാവധി.


 വ്യാപക അറസ്റ്റ്


തുർക്കിയിൽ ഉറപ്പില്ലാത്ത കെട്ടിടങ്ങൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് 113 അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചു. ഇതിൽ കോൺട്രാക്ടർമാർ അടക്കം 12 ലേറെ പേരെ കസ്റ്റഡിയിലെടുത്തു. മോശം നിലവാരത്തിലെ നിർമ്മാണത്തിനെതിരെ ജനങ്ങളിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നതോടെയാണ് അറസ്റ്റ്. അന്വേഷണം ആരംഭിച്ചതിനാൽ കൂടുതൽ പേർ ഇനിയും അറസ്റ്റിലാകും. തുർക്കിയിൽ 170,000 കെട്ടിടങ്ങളും 24,921 നിർമ്മിതികളും തകരുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തു എന്നാണ് കണക്ക്.

 അത്ഭുതപ്പെടുത്തുന്ന അതിജീവനം

മരണസംഖ്യ ഉയരുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് ഇന്നലെയും ചിലരെ അത്ഭുകരമായി രക്ഷിക്കാനായി. തുർക്കിയിലെ ഹാതെയ് പ്രവിശ്യയിൽ 128മണിക്കൂറിലേറെയായി കുടുങ്ങിക്കിടന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും വൃദ്ധയേയും ജീവനോടെ പുറത്തെടുത്തു. 147മണിക്കൂറിന് ശേഷം പത്ത് വയസുകാരിയേയും അദിയമനിൽ 152 മണിക്കൂറിന് ശേഷം 7വയസുകാരനെയും രക്ഷപെടുത്തി.

Advertisement
Advertisement