വീണ്ടും അജ്ഞാത പേടകം, തകർത്ത് യു.എസ്

Monday 13 February 2023 6:52 AM IST

ന്യൂയോർക്ക്: ശനിയാഴ്ച അലാസ്കയ്ക്ക് മുകളിൽ ആകാശത്ത് 40,000 അടി ഉയരത്തിൽ പറന്ന അജ്ഞാത പേടകത്തെ വെടിവച്ച് വീഴ്ത്തിയതിന് പിന്നാലെ വടക്കേ അമേരിക്കൻ ആകാശത്ത് മറ്റൊരു പേടകത്തെ കൂടി തകർത്ത് യു.എസ്. കാനഡയിലെ മദ്ധ്യ യൂകോൺ മേഖലയിൽ ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 2.11ഓടെ യു.എസിന്റെ എഫ് - 22 യുദ്ധവിമാനമാണ് വെടിവച്ചിട്ടത്.

സമുദ്രനിരപ്പിൽ നിന്ന് 40,000 അടി ഉയരത്തിലാണ് പേടകം പറന്നത്. പേടകം രാജ്യത്തിന്റെ വ്യോമപരിധി ലംഘിച്ചെന്നും ദൗത്യത്തിൽ യു.എസിനൊപ്പം തങ്ങളുടെ എയർഫോഴ്സും പങ്കാളികളായിരുന്നെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും താനും വിഷയം ചർച്ച ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. പേടകത്തിന്റെ അവശിഷ്ടങ്ങൾ കനേഡിയൻ സൈന്യം ശേഖരിച്ച് പരിശോധിക്കും.

പേടകത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. ജനുവരി 28ന് യു.എസ് വ്യോമപരിധിയിൽ പ്രത്യക്ഷപ്പെട്ട ചൈനീസ് നിരീക്ഷണ ബലൂണിനെ ഫെബ്രുവരി 5ന് ബൈഡന്റെ ഉത്തരവ് പ്രകാരം സൈന്യം വെടിവച്ച് അറ്റ്‌ലാൻഡിക് സമുദ്രത്തിൽ വീഴ്ത്തിയിരുന്നു. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂൺ ദിശ മാറി യു.എസിൽ പ്രവേശിച്ചെന്നാണ് ചൈന പറയുന്നതെങ്കിലും യു.എസ് അംഗീകരിച്ചിട്ടില്ല.

 ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വ്യോമാതിർത്തി ലംഘിച്ച ആകാശ വസ്തുവിനെ യു.എസ് വെടിവച്ച് വീഴ്ത്തുന്നത്

 ഫെബ്രുവരി 5 - സൗത്ത് കാരലൈന,​ യു.എസ് - ചൈനീസ് ചാര ബലൂൺ

 ഫെബ്രുവരി 11 - അലാസ്ക, യു.എസ് - അജ്ഞാത പേടകം

 ഫെബ്രുവരി 12 - യൂകോൺ, കാനഡ - അജ്ഞാത പേടകം

( തീയതികൾ ഇന്ത്യൻ സമയക്രമ പ്രകാരം )

 മൂന്ന് ദൗത്യവും നിർവഹിച്ചത് - യു.എസിന്റെ എഫ് - 22 യുദ്ധവിമാനം

 തകർത്ത മിസൈൽ - എയിം - 9എക്സ് സൈഡ് വിൻഡർ

 അജ്ഞാത പേടകങ്ങൾ

ബലൂണിന് പിന്നാലെ തങ്ങൾ വെടിവച്ച് വീഴ്ത്തിയ ' അജ്ഞാത പേടക"ങ്ങളുടെ വിവരങ്ങൾ യു.എസ് പുറത്തുവിട്ടിട്ടില്ല. രണ്ട് പേടകങ്ങളും സാമ്യമുള്ളവയായിരുന്നെന്ന് കരുതുന്നു.

 രണ്ടിനും സിലിണ്ടർ ആകൃതി

 ഉത്ഭവം വ്യക്തമല്ല

 ഒരു ചെറിയ കാറിന്റെ വലിപ്പം

 വ്യോമഗതാഗതത്തിന് ഭീഷണി

 ഡ്രോണോ ചെറുവിമാനമോ ബലൂണോ ആകാം

 ചൈനയിലും അജ്ഞാത പേടകം

ബീജിംഗ് : കിഴക്കൻ ചൈനീസ് ആകാശത്തും ' അജ്ഞാത പേടകം." തുറമുഖ നഗരമായ ക്വിംഗ്‌ഡാവോയ്ക്ക് സമീപം ബോഹായി കടലിന് മുകളിലൂടെ പറക്കുന്ന അ‌ജ്ഞാത പേടകത്തെ ഉടൻ വെടിവച്ച് വീഴ്ത്തുമെന്ന് ചൈന ഇന്നലെ അറിയിച്ചു. മേഖലയിലെ മത്സ്യബന്ധന ബോട്ടുകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

Advertisement
Advertisement