പെരുങ്ങുഴി - ആറാട്ടുകടവ്, നേരുകടവ് ഭാഗങ്ങളിൽ കായലോര ടൂറിസം പദ്ധതി വേണം

Tuesday 14 February 2023 3:25 AM IST

ചിറയിൻകീഴ്: പെരുങ്ങുഴി - ആറാട്ടുകടവ്, നേരുകടവ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് കായലോര ടൂറിസം പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രകൃതി മനോഹാരിത കൊണ്ടും തീരത്തിന്റെ വശ്യത കൊണ്ടും വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കാൻ ഇടമുള്ള സ്ഥലങ്ങളാണിത്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കായൽപ്പരപ്പിന് പുറമേ കഠിനംകുളം കായലിന് ഏറ്റവും കൂടുതൽ വീതിയുള്ള ഭാഗങ്ങളിൽ ഒരിടം കൂടിയാണിത്. ഒരുകാലത്ത് പെരുമാതുറ നിവാസികളടക്കം നൂറുകണക്കിന് പേർ സഞ്ചരിച്ചിരുന്നതും ആറാട്ടുകടവ് കടത്തുവഴിയായിരുന്നു. അക്കാലത്ത് താലൂക്കിലെ പ്രധാന കടത്തുകളിൽ ഒന്നായിരുന്നു ആറാട്ടുകടവ്-കൊട്ടാരം തുരുത്ത് കടത്ത്. നാടും നഗരവുമൊക്കെ പുരോഗമിച്ച് നടവഴികൾ റോഡുകൾ ആയതോടെ കടത്ത് പേരിന് മാത്രമായി വിസ്മൃതിയിലായെങ്കിലും പ്രകൃതി മനോഹാരിതയ്ക്ക് ഇവിടെ ഒരു കോട്ടവും സംഭവിച്ചില്ല. ഇവിടം കേന്ദ്രീകരിച്ച് ആധുനിക രീതിയിലുള്ള വിനോദോപാധികളടക്കമുള്ള ഒരു പാർക്ക് വരണമെന്നാണ് പൊതുജനാഭിപ്രായം.

 പാർക്ക് ആനിവാര്യം

കുട്ടികൾക്കും മുതിർന്നവർക്കുമടക്കം കാഴ്ചയുടെയും ഉല്ലാസത്തിന്റെയും പുത്തൻ ഉണർവ് സമ്മാനിക്കാൻ കഴിയും. കായലോരം ചേർത്ത് നടപ്പാതയും നിർമ്മിക്കാം. മാത്രവുമല്ല ഇടഞ്ഞുംമൂല ഭാഗത്തെ പാലം യാഥാർത്ഥ്യമാകുമ്പോൾ മുരുക്കുംപുഴ കടവ്-ആറാട്ട് കടവ്-അഴൂർ തീരദേശപാത കടന്നുപോകുന്ന ഇടം കൂടിയാണിത്. ഇപ്പോൾത്തന്നെ ആറാട്ടുകടവ് ഇടഞ്ഞുംമൂല റോഡിലെ യാത്ര കായൽ ഭംഗിയുടെ മനോഹാരിത വിളിച്ചോതുന്നുണ്ട്. ഈ മേഖല സഞ്ചാരികളെ കൂടുതൽ ആകർഷിക്കണമെങ്കിൽ ആറാട്ടുകടവ് കേന്ദ്രീകരിച്ച് പാർക്കും ഇവിടെയെത്തുന്നവർക്ക് ശങ്ക തീർക്കാൻ അനുബന്ധ സംവിധാനങ്ങളും ആവശ്യമാണ്.

Advertisement
Advertisement