ജോജു വീണ്ടും സോഷ്യൽ മീഡിയ വിടുന്നു

Tuesday 14 February 2023 6:18 AM IST

വ്യക്തിപരവും തൊഴിൽപരവുമായുള്ള അധിക്ഷേപങ്ങളെ തുടർന്ന് സോഷ്യൽ മീഡിയ വിടുന്നുവെന്ന് ജോജു ജോർജ്. തന്നെ ഒരു കലാകാരനായി സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും ഒരു ഇടവേളയെടുത്ത് സിനിമയിൽ മാത്രം ശ്രദ്ധിക്കാനാണ് ഉദ്ദേശ്യമെന്നും ജോജു പറഞ്ഞു.

ഇരട്ട എന്ന സിനിമയോട് നിങ്ങൾ കാണിച്ച സ്നേഹത്തിന് നന്ദി. ഞാൻ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു.

എന്നാൽ ഇരട്ട എന്ന സിനിമയോടുകൂടി സജീവമാകാൻ ശ്രമിച്ചതാണ്. പക്ഷേ പിന്നെയും എന്നെ ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു . എന്റെ ഇൻബോക്സിൽ എല്ലാം കടുത്ത ആക്രമണമായി . ഞാൻ സിനിമയിലേക്ക് മാത്രം കുറച്ചുകാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നെ വെറുതേ വിടണം. കരിയറിൽ ഞാൻ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതിൽ നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിർബന്ധമെങ്കിൽ ഒന്നും പറയാൻ പറ്റില്ല. പിന്തുണയ്ക്കുന്നവർക്ക് നന്ദി. ജോജു പറഞ്ഞു.

ഇരട്ടയുടെ പ്രചാരണത്തിന്റെ ഭാഗമായി സഹതാരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം ദുബായിൽ മാധ്യമപ്രവർത്തകരെ കാണുമ്പോൾ സോഷ്യൽ മീഡിയകളിലെ നിരൂപങ്ങളെ ജോജു വിമർശിച്ചിരുന്നു.രൂക്ഷമായ വിമർശനത്തെ തുടർന്ന് മുൻപും ജോജു സോഷ്യൽ മീഡിയയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു.