നിവിൻ പോളിയുടെ താരത്തിൽ സായ് പല്ലവിയും
അടുത്ത ഷെഡ്യൂളും മണാലിയിൽ
നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം എന്നചിത്രത്തിൽ സായ് പല്ലവിയും. നിവിൻ പോളിയുടെ പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മലർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സായ് പല്ലവി. പ്രേമത്തിനുശേഷം നിവിനും സായ് പല്ലവിയും ഒരുമിക്കുകയാണ്. മണാലിയിൽ ആയിരുന്നു താരത്തിന്റെ ആദ്യഷെഡ്യൂൾ . അടുത്ത ഷെഡ്യൂൾ മാർച്ച് അവസാനം മണാലിയിൽ ആരംഭിക്കാനാണ് തീരുമാനം. തുടർന്ന് കൊച്ചിയിലും ചിത്രീകരണം ഉണ്ടാകും. പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളത്തിലേക്ക് എത്തിയ തെന്നിന്ത്യൻ താരം കയാദു ലോഹർ ആണ് താരത്തിൽ മറ്റൊരു നായിക. വിനയ് ഫോർട്ട്, നിഖില വിമൽ, കൃഷ്ണ ശങ്കർ , നമിത കൃഷ്ണൻ എന്നിവരും താരനിരയിലുണ്ട്. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്കുശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിവേക് രഞ്ജിത് രചന നിർവഹിക്കുന്നു. കിളി പോയി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു വിവേക്.പ്രദീഷ് എം. വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു. രാഹുൽ രാജ് ആണ് സംഗീത സംവിധാനം. പോളി ജൂനിയർ പിക്ചേഴ്സും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം.അതേസമയം ദുബായിൽ ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നിവിൻ. മമിത ബൈജുവും ആർഷ ബൈജുവുമാണ് നായികമാർ.