വാമനപുരം നദിയിൽ തടയണ ഉയരം കൂട്ടുന്നു

Tuesday 14 February 2023 3:37 AM IST

ആറ്റിങ്ങൽ: വാമനപുരം നദിയിൽ പൂവമ്പാറ പാലത്തിന് സമീപത്തെ ചെക്ക്ഡാം താത്കാലികമായ ഉയർത്തുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വേനൽക്കാലത്ത് ജലഅതോറിട്ടിയുടെ വിവിധ കുടിവെള്ള പദ്ധതികൾക്ക് ജലലഭ്യത ഉറപ്പ് വരുത്താൻ വേണ്ടിയാണ് ചെക്ക്ഡാമിന് മുകളിൽ താത്കാലിക തടയണ നിർമ്മിക്കുന്നത്. വേനൽക്കാലത്ത് വേലിയേറ്റ സമയത്ത് മുതലപ്പൊഴി വഴി കടലിൽ നിന്ന് ഉപ്പുവെള്ളം വാമനപുരം നദിയിൽ കയറുകയും, അത് കുടിവെള്ള വിതരണത്തിന് തടസമായിരുന്നു. ഇത് പരിഹരിക്കാൻ ആദ്യ കാലഘട്ടങ്ങളിൽ അവനവഞ്ചേരി പരവൂർപ്പുഴക്കടവിൽ താത്കാലിക ബണ്ട് നിർമ്മിച്ചിരുന്നു. ഇതിന് എല്ലാവർഷവും ലക്ഷങ്ങൾ ചിലവഴിക്കുന്ന അവസ്ഥയായിരുന്നു. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് പൂവമ്പാറ പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മിച്ചത്.

ഇതിന് മുകളിലാണിപ്പോൾ താത്കാലിക തടയണ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിലെ തടയണയുടെ മുകളിൽ താത്കാലികമായി ഒന്നര മീറ്റർ കൂടി ഉയരത്തിൽ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചശേഷം ഒന്നര മീറ്റർ വീതിയിൽ മണൽ ചാക്കുകൾ അടുക്കിയാണ് ബണ്ട് നിർമ്മിക്കുന്നത്. ചിറയിൻകീഴ്, വർക്കല, തിരുവനന്തപുരം താലൂക്കുകൾക്ക് കുടിവെള്ളമെത്തിക്കുന്ന പതിനഞ്ചോളം പമ്പ് ഹൗസുകളാണ് പരവൂർപ്പുഴ കടവിന് സമീപത്തുള്ളത്.