വളർക്കാവ് പൂരം: കിഴക്കൂട്ട് അനിയൻ മാരാർ മേളം നയിക്കും

Tuesday 14 February 2023 12:43 AM IST

തൃശൂർ: മേളാചാര്യനും തൃശൂർ പൂരം മേളപ്രമാണിയുമായ കിഴക്കൂട്ട് അനിയൻ മാരാർ ഇത്തവണ അഞ്ചേരി വളർക്കാവ് പൂരം നയിക്കും. മാർച്ച് ഏഴിനാണ് വളർക്കാവ് പൂരം. വൈകിട്ട് 3.30മുതൽ 6.30വരെ നടക്കുന്ന പാണ്ടിമേളത്തിന് കിഴക്കൂട്ട്അനിയൻ മാരാരാണ് നേതൃത്വം നൽകുക. അന്ന് രാത്രി 12.30ന് നടക്കുന്ന പൂരം എഴുന്നെള്ളിപ്പിന് കേളി, കൊമ്പ്പറ്റ്, കുഴൽ പറ്റ്, പഞ്ചാരി മേളം എന്നിവയുണ്ടാകും. മാർച്ച് ഒന്നിന് വൈകിട്ട് ആറിന് പൂരംപുറപ്പാടോടെ (കൊടിയേറ്റം) ഉത്സവത്തിന് തുടക്കം കുറിക്കും. ദീപാഞ്ജലി, ആറാട്ട് എഴുന്നെള്ളിപ്പ്, നവകം ശ്രീഭൂതബലി എന്നിവ ഉണ്ടാകും. രണ്ടിന് വൈകിട്ട് ഏഴിന് വിവിധ സമിതികളുടെ തിരുവാതിരക്കളി, മൂന്നിന് നൃത്തസന്ധ്യ, നാലിന് സംഗീതകച്ചേരി, അഞ്ചിന് രാവിലെ ഏഴിന് കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിലേക്ക് കൂടി ആറാട്ടിന് എഴുന്നെള്ളിപ്പ്, സംഗീതകച്ചേരി,ആറിന് നൃത്തസന്ധ്യ എന്നിവ നടക്കും. എട്ടിന് വൈകിട്ട് നാലിന് നടക്കുന്ന ഉത്രംപാട്ടോടുകൂടി ഉത്സവചടങ്ങുകൾ സമാപിക്കും.