ആറ്റിങ്ങലിൽ അനധികൃത കുഴൽക്കിണർ നിർമ്മാണം തടഞ്ഞു.

Tuesday 14 February 2023 4:47 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ പോയിന്റ് മുക്കിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ പൊതു അവധി ദിനത്തിന്റെ മറവിൽ നടത്തിയ നിയമ വിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞു. രണ്ടാം ശനിയാഴ്ച പുലർച്ചെ അനധികൃതമായി കുഴൽ കിണർ കുഴിക്കാൻ ഇവർ ശ്രമം നടത്തി. അസ്വാഭാവിക ശബ്ദം കേട്ടുണർന്ന പരിസരവാസികൾ എത്തിയതോടെ കാര്യങ്ങൾ ചർച്ചയായി. ബോർവെൽ കുഴിക്കാൻ നിയമാനുമതി ഉണ്ടെന്ന മാനേജ്മെന്റിന്റെ വാദം വാർഡ് കൗൺസിലറും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതോടെ പൊളിയുകയായിരുന്നു. ഫ്ലാറ്റ് സമുച്ചയത്തിൽ അശാസ്ത്രീയമായി നിർമ്മിച്ച ട്രെയിനേജ് ടാങ്കിലെ മലിനജലം ചോരുന്നതു കാരണം, അയൽപക്കത്തെ വീടുകളിലെ കിണറുകളിലെ ശുദ്ധജലവും മലിനമായി ക്കഴിഞ്ഞു. സ്വന്തമായി കിണറുണ്ടായിട്ടും അകലെ നിന്നും ചുമട്ടുവെള്ളം കോരി കൊണ്ടുവന്ന് വീട്ടാവശ്യത്തിന് ഉപയോഗിക്കേണ്ട ദുരവസ്ഥയാണ് ഈ മേഖലയിലുള്ളവർക്ക്.

ഫ്ലാറ്റിന് മുന്നിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിട്ടിയുടെ കുടിവെള്ള കണക്ഷൻ എടുക്കാനും ഇവർ തയ്യാറല്ല. വാർഡ് കൗൺസിലർ ആർ.എസ്.അനൂപിന്റെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രദേശവാസികളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും അടക്കം പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.