ശാർക്കരേശ്വരിക്ക് പതിനായിരങ്ങളുടെ ഹൃദയപ്പൊങ്കാല

Tuesday 14 February 2023 3:19 AM IST

ചിറയിൻകീഴ്: ഭക്തവത്സലയായ ശാർക്കര ദേവിയെ മനസിൽ നിറച്ച് പ്രാർത്ഥനകളോടെ അരലക്ഷത്തോളം സ്ത്രീജനങ്ങൾ പൊങ്കാല അർപ്പിച്ചു. പൊങ്കാലക്കലം തിളച്ച് തൂവിയപ്പോൾ പതിനായിരക്കണക്കിന് ഭക്തകളുടെ മനസിൽ അത് ആത്മസമർപ്പണവും പൊങ്കാലയുടെ പുണ്യവുമായി. കുംഭച്ചൂടിൽ ശാർക്കര പറമ്പിനെ പൊങ്കാല ഭക്തർ യാഗശാലയാക്കി മാറ്റുകയായിരുന്നു. ഇന്നലെ പുലർച്ചെ തന്നെ ശാർക്കര പറമ്പ് പൊങ്കാല ഭക്തരെക്കൊണ്ട് നിറഞ്ഞു. പിന്നീടുവന്ന പൊങ്കാല ഭക്തർക്ക് പറമ്പിൽ പ്രവേശിക്കാനായതോടെ

വലിയകട - ശാർക്കര റോഡ്, ശാർക്കര - മഞ്ചാടിമൂട് റോഡ് എന്നിവിടങ്ങളിലും മറ്റ് ഇടറോഡുകളിലും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറഞ്ഞു. രാവിലെ 9.45ന് ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കോയിക്കൽ മഠം പ്രകാശൻ നമ്പൂതിരി ക്ഷേത്രത്തിനകത്ത് നിന്ന് ദീപം വടക്കേനടയിലെ നിലവിളക്കിൽ പകർന്നു. അതിൽ നിന്നു ദീപം പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പിൽ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. മറ്റ് അടുപ്പുകളിലേക്ക് തീ പകർന്നതോടെ അന്തരീക്ഷം പുകയുടെ മേലാപ്പുചൂടി. ദേവീസ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തർ കാത്തിരുന്ന പുണ്യം നേടി. 25 ഓളം ശാന്തിമാരുടെ നേതൃത്വത്തിൽ പൊങ്കാല നിവേദിച്ചു. ക്ഷേത്ര പരിസരത്ത് ശാർക്കര ശ്രീനാരായണ ഗുരുദേവ ട്രസ്റ്റിന്റെ കീഴിൽ ഗുരുക്ഷേത്ര സന്നിധിയിൽ ആയിരക്കണക്കിന് ഭക്തർക്ക് സംഭാരവും പഴവർഗ്ഗങ്ങളും ട്രസ്റ്റ് ഭാരവാഹികളുടെ മേൽനോട്ടത്തിൽ വിതരണം ചെയ്തു.