കൊലവിളിയുമായി മുന്നിൽ കാട്ടാന; എസ്.ടി.പ്രമോട്ടർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Monday 13 February 2023 9:36 PM IST

കോളയാട്: കോളയാടിൽ ആദിവാസി യുവാവ് കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ബൈക്കിൽ കൊളപ്പ കോളനിയിൽ പോയി തിരിച്ചുവരുമ്പോൾ തെറ്റുമ്മൽ കോളനിക്ക് സമീപം വെച്ച് ഒറ്റയാന്റെ മുന്നിൽ പെട്ട തെറ്റുമ്മൽ കോളനിയിലെ എസ്.ടി.പ്രമോട്ടർ പി.ജിതിനാണ് കാട്ടാനയുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്. മൂപ്പൻ കൊളപ്പ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ജിതിൻ ഇറക്കത്തിൽ വച്ചാണ് ആനയുടെ തൊട്ടടുത്ത് എത്തിയത്.ബൈക്കിന്റെ ശബ്ദം കേട്ട ആന ചിന്നം വിളിച്ചതിനെ തുടർന്ന് പരിഭ്രമിച്ച ജിതിൻ തൊട്ടടുത്ത നിമിഷം മനസാന്നിദ്ധ്യം വീണ്ടെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പകൽ 11 മണിയോടെയാണ് സംഭവം.

പ്രദേശത്ത് ആന ഇറങ്ങിയതായി രാവിലെ മുതൽ. വിവരമുണ്ടായിരുന്നുവെങ്കിലും മുന്നിൽപെടുമെന്ന് കരുതിയിരുന്നില്ലെന്ന് ജിതിൻ കേരളകൗമുദിയോട് പറഞ്ഞു. ഇതാദ്യമായാണ് കാട്ടാനയുടെ മുന്നിൽ പെടുന്നതെന്ന് ജിതിൻ പറഞ്ഞു. ആനയുടെ അടുത്ത് നിന്ന് രക്ഷപ്പെട്ട യുവാവ് ഉടൻ ഫോറസ്റ്റ് വാച്ചറെ വിവരം ധരിപ്പിക്കുകയായിരുന്നു.

മേഖലയിൽ കാട്ടാനയുടെ ശല്യം അതിരൂക്ഷമാണെന്ന് ജിതിൻ പറഞ്ഞു. ചങ്ങലഗേറ്റ് ,​മൂപ്പൻ കൊളപ്പ,​ പെരുവ മേഖലകളിലെ സ്കൂൾ വിദ്യാർത്ഥികളും വിവിധ ജോലികൾക്കായി പുറത്തിറങ്ങുന്ന തൊഴിലാളികളും ജീവൻ പണയപ്പെടുത്തിയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ആനയ്ക്ക് പുറമെ കാട്ടുപോത്തുകളും മേഖലയിൽ വ്യാപകമായി ഇറങ്ങുന്നുണ്ട്.

പ്രദേശത്തെ ജനവാസകേന്ദ്രങ്ങളിൽ നിലവിൽ കാട്ടാനകളുണ്ട്. വനപാലകരെത്തി കാട്ടിലേക്ക് തുരത്തിയാലും ഉടൻ തിരിച്ചെത്തിഷിയിടത്തിൽ തന്നെ ഇവ നിലയുറപ്പിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.