അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു

Tuesday 14 February 2023 1:22 AM IST

കാട്ടാക്കട: കാട്ടാക്കടയിൽ അമിത വേഗതയിൽ പാഞ്ഞെത്തിയ ഇന്നോവ കാർ നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു.ഒടുവിൽ കൊടും വളവിന് സമീപം ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വാഹനം നിന്നു. കാട്ടാക്കട അഞ്ചുതോങ്ങിൻമ്മൂട്ടിന് സമീപത്തായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ ആറു മുതൽ അപകടമുണ്ടാക്കിയ വാഹനം കാട്ടാക്കട-തൂങ്ങാംപാറ റോഡിലൂടെ നിരവധി തവണ അമിത വേഗതയിൽ സഞ്ചരിക്കുകയും 11ഓടെ സമീപത്തെ ടയർ വർക്ക്ഷോപ്പിന് സമീപം നിറുത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. പോസ്റ്രിലിടിച്ച് നിന്ന കാറിലെ നാലംഗ സംഘത്തിൽ നിന്ന് ഒരാൾ ഇറങ്ങിയോടി. നാട്ടുകാർ ഓടികൂടിയപ്പോഴായിരുന്നു ഇത്. മറ്റുള്ളവരെ നാട്ടുകാർ തടഞ്ഞു വച്ച് കാട്ടാക്കട പൊലീസിന് കൈമാറി. സംഭവം അറിയിച്ചിട്ടും കാട്ടാക്കട പൊലീസ് സ്ഥലത്തെത്തിയത് വൈകിയാണെന്ന് ഇതിനിടെ ആക്ഷേപമുയർന്നു. യുവാക്കളേയും വാഹനത്തേയും പൊലീസ് കസ്റ്റഡിയിലെടുത്തു.വാഹനം പഠിക്കാൻ കൊണ്ട് വന്നതാണോ,മദ്യലഹരിയിൽ ആയിരുന്നോ എന്നതിനെ കുറിച്ച് വ്യക്തമല്ല.