കതക് പൊളിച്ച് മോഷണം
Monday 13 February 2023 10:42 PM IST
ചെറുപുഴ: മുളപ്രയിലെ റിട്ട. അദ്ധ്യാപകൻ കല്ലറക്കൽ രാജന്റെ വീട്ടിൽ മോഷണം . മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച മോഷ്ടാവ് 2000 രൂപയും 6000 രൂപ വിലവരുന്ന സി.സി ടി.വി ക്യാമറയും മോഷ്ടിച്ചു. മുൻവശത്തെ കാമറ തകർത്ത നിലയിലാണ്. വേറെ മുറിയിൽ സ്വർണ്ണാഭരണങ്ങളും പണവും ഉണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടില്ല. രാജൻ മാസ്റ്ററുടെ ഭാര്യയും റിട്ട.അദ്ധ്യാപികയുമായ ഫിലോമിന മാത്രമാണ് വീട്ടിൽ താമസം. ഞായറാഴ്ച മുളപ്ര വി. അൽഫോൻസാ പള്ളിയിൽ തിരുനാൾ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം രാത്രി ഒൻപതരയോടെ തിരിച്ചുവന്നപ്പോഴാണ് ഫിലോമിന മോഷണ വിവരം അറിയുന്നത്. അധ്യാപികയുടെ പരാതിയിൽ ചെറുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവെടുപ്പ് നടത്തി.