എന്തു കൊണ്ട് പേരിനൊപ്പം നെഹ്റു എന്ന് ചേർത്തില്ല,​ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി,​ മോദിക്കൊപ്പം അദാനി എങ്ങനെ വിദേശ യാത്ര ചെയ്യുന്നുവെന്നും ചോദ്യം

Monday 13 February 2023 11:03 PM IST

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി അപമാനിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി . മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു. എന്തു കൊണ്ട് എന്റെ പേര് രാഹുൽ നെഹ്റു എന്നായില്ല പകരം രാഹുൽ ഗാന്ധി എന്നായി എന്ന് ചോദിച്ചു. ഇന്ത്യയിൽ പിതാവിന്റെ കുടുംബപേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എന്ന് അദ്ദേഹത്തിന് അറിയാത്തതല്ല. മോദിയുടെ കൈയിൽ എല്ലാ ഏജൻസികളും ഉണ്ടാകും. എന്നാൽ അദ്ദേഹത്തെ ഭയക്കുന്നില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുൽ വ്യക്തമാക്കി.

പ്രധാനമന്ത്രിയും വ്യവസായി അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം ആവർത്തിച്ച് വിശദമാക്കി. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ സൂചിപ്പിച്ചിരുന്നു. സത്യമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി വിദേശ യാത്ര ചെയ്യുമ്പോൾ അദാനി ഒപ്പം യാത്ര ചെയ്യുന്നത് എങ്ങനെ. അവിടെ അദാനി കരാറുകൾ ഒപ്പിടുന്നത് എങ്ങനെ,​ രാഹുൽ ചോദിച്ചു. എന്റെ പ്രസംഗങ്ങൾ ഭൂരിഭാഗവും രേഖകളിൽ നിന്ന് നീക്കം ചെ.യ്തു. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെ,​ പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനമെന്നും രാഹുൽ ആരോപിച്ചു.