നയനാ കേസ്; മെഡിക്കൽ ബോർഡ് രൂപീകരിക്കും

Tuesday 14 February 2023 12:07 AM IST

തിരുവനന്തപുരം: യുവ സംവിധായക നയനാ സൂര്യന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഫോറൻസിക് ഉൾപ്പെടെ വിദഗ്ദ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.നയനയുടെ സുഹൃത്തുക്കളും വീട്ടുകാരുമുൾപ്പെടെ രണ്ട് ഡസനോളം പേരുടെ മൊഴികൾ രേഖപ്പെടുത്തിയെങ്കിലും നയനയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കാനുള്ള കാരണങ്ങളോ സംശയനിഴലിലുള്ളവരെ സംബന്ധിച്ച വിവരങ്ങളോ മൊഴികളിൽ ലഭ്യമായിരുന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞദിവസം

നയനയുടെ മൃതദേഹം പോസ്​റ്റ്‌മോർട്ടം ചെയ്ത മെഡിക്കൽകോളേജ് മുൻ ഫോറൻസിക്ക് സർജൻ ഡോ.ശശികലയെയും അന്വേഷണ സംഘം നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. മുൻഫോറൻസിക് മേധാവിയിൽ നിന്ന് ലഭ്യമായ വിവരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും പോസ്റ്റുമോർട്ടം റിപ്പോർട്ടും രാസപരിശോധനാഫലങ്ങളും നയനയുടെ ചികിത്സാ റെക്കാഡുകളും വിലയിരുത്തുന്നതിനുമായി വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ബോർ‌ഡ് രൂപീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2019 ഫെബ്രുവരി 24ന് പകലായിരുന്നു നയനയുടെ മൃതദേഹം പോസ്​റ്റ്‌മോർട്ടം നടത്തിയത്. ഡോ.ശശികലയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം നേരിൽ കണ്ടിരുന്നു. പോസ്റ്റുമോർട്ടത്തിലെ തന്റെ നിഗമനങ്ങൾ ഡോ.ശശികല ആവർത്തിക്കുകയും ചെയ്തു. ഫെബ്രുവരി 23ന് പുലർച്ചെ രണ്ടിനും രാവിലെ എട്ടിനും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. മരണം നടന്ന് 18 മണിക്കൂറിലേറെ കഴിഞ്ഞാണ് മൃതദേഹം പോസ്​റ്റുമോർട്ടത്തിനെത്തുന്നത്.

മൃതദേഹത്തിൽ ജീർണത ഉണ്ടായിരുന്നില്ലെന്നും അടിവയ​റ്റിൽ ക്ഷതമേ​റ്റ പാടും ആന്തരികാവയവങ്ങളിൽ രക്തസ്രാവവും ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ ക്ഷതത്തിന് 48 മണിക്കൂറോളം പഴക്കമുണ്ടായിരുന്നെന്നും ഇത് മരണകാരണമല്ലെന്നുമാണ് ഡോ.ശശികല കഴിഞ്ഞ ദിവസം പറഞ്ഞത്. കഴുത്ത് ശക്തമായി മുറുകിയതാണ് മരണ കാരണമെന്ന് പോസ്​റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. മരണം നടന്ന വീട് അടുത്ത ദിവസം സന്ദർശിച്ചപ്പോൾ ആ മുറിയിൽ ചുരുട്ടിയ നിലയിൽ പുതപ്പ് കണ്ടിരുന്നതായും ഡോക്ടർ അന്ന് മൊഴി നൽകിയിരുന്നു. ഇത്തരത്തിലുള്ള സംശയങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് മെഡിക്കൽ വിദഗ്ദ്ധരുടെ സഹായം തേടുന്നത്. കേസിൽ ഏതാനും സാക്ഷികളുടെ മൊഴിയെടുപ്പ് ഈ ആഴ്ച പൂർത്തിയാക്കിയശേഷമാകും മെഡിക്കൽ ബോർ‌ഡ് രൂപീകരണമുൾപ്പെടെ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ക്രൈംബ്രാഞ്ച് കടക്കുക.

Advertisement
Advertisement