ഹെൽമറ്റ് ഉപയോഗിച്ച് ആക്രമണം: യുവാവ് അറസ്റ്റിൽ
വൈക്കം: ഹെൽമറ്റ് ഉപയോഗിച്ച് മദ്ധ്യവയസ്‌കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ രഞ്‌ജേഷ് ഭവനം വീട്ടിൽ രഞ്‌ജേഷിനെയാണ് (32) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 10ന് വെച്ചൂർ അംബികമാർക്കറ്റിന് സമീപമുള്ള ഷാപ്പിന് സമീപത്താണ് സംഭവം.
രഞ്‌ജേഷ് ഷാപ്പിൽ നിന്ന് ബഹളംവച്ച് ഇറങ്ങുന്നതിനിടെ പുറത്ത് നിന്നിരുന്ന മദ്ധ്യവയസ്‌കൻ സംഭവം ചോദ്യം ചെയ്തു. ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടായതിനെ തുടർന്ന് ഉണ്ടാകുകയും രഞ്‌ജേഷ് ബൈക്കിലുണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് മദ്ധ്യവയസ്‌കന്റെ തലയ്ക്ക് അടിയ്‌ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കെതിരെ വൈക്കം പൊലീസ് കേസെടുത്തിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ വൈക്കം സ്റ്റേഷനിൽ അടിപിടി കേസുകളും നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, ദിനേശ്, ജിജു സി.പി.ഒമാരായ പുഷ്പരാജ്, പ്രശാന്ത് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.