കൈക്കൂലി കേസ്: മൂന്ന് വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് സസ്‌പെൻഷൻ

Tuesday 14 February 2023 12:26 AM IST

കോട്ടയം: ടോറസ് ലോറി ഉടമകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ എൻഫോഴ്‌സ്‌മെന്റ് ആർ.ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി. ഷാജൻ, എം.ആർ. അനിൽകുമാർ, അജിത് ശിവൻ എന്നിവരെ സസ്‌പെൻ‌ഡ് ചെയ്തു. മൂന്ന് ഉദ്യോഗസ്ഥരേയും ഏജന്റ് രാജീവനെയും പ്രതിയാക്കി വിജിലൻസ് കേസെടുത്തു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്താണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 20ന് സംസ്ഥാന വ്യാപകമായി വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻസ് ബ്യൂറോ നടത്തിയ ഓപ്പറേഷൻ ഓവർ ലോഡ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എം.സി റോഡിൽ കുറവിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ കണ്ടെത്തിയത്. ഇവ പിടികൂടാതിരിക്കാൻ ഓരോ വാഹനത്തിനും 7500 രൂപ വീതം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇടനിലക്കാരനായ രാജീവാണ് കൈക്കൂലി ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചിരുന്നത്.

ഷാജന്റെ ബന്ധുവായ ബാബുവിന്റെ അക്കൗണ്ടിലേയ്ക്ക് കഴിഞ്ഞ ഡിസംബർ ആറു മുതൽ ജനുവരി 17 വരെ 2.64 ലക്ഷം രൂപയും എം.ആർ. അനിൽ പരിചയക്കാരിയും തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജ് ജീവനക്കാരിയുമായ നീതു എസ്. നായരുടെ അക്കൗണ്ടിലേയ്ക്ക് 23,​000 രൂപയും,​ ശ്രീജിത്ത് സ്വന്തം അക്കൗണ്ടിലേയ്‌ക്ക് 3.77 ലക്ഷവും കൈക്കൂലിയായി വാങ്ങി. ലോറിയുടമ കൂടിയായ രാജീവിന് പാസില്ലാതെ മണ്ണ് കടത്താനും ഉദ്യോഗസ്ഥർ കൂട്ടു നിന്നു.

 രാജീവുമായി ഉറ്റ ബന്ധം

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്ക് രാജീവുമായി ഭായി ഭായി ബന്ധമാണ്. രാജീവിനൊപ്പം ഉദ്യോഗസ്ഥർ ഉല്ലാസയാത്ര നടത്തിയതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.