കതിന അപകടത്തിൽ പൊട്ടിത്തകർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ

Tuesday 14 February 2023 12:26 AM IST
അശോകൻ

ചേർത്തല: ചേർത്തല വടക്കുംമുറി അർത്തുങ്കൽ അറവുകാട് ദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വെടി വഴിപാടിന് കതിന നിറക്കുമ്പോൾ ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരിരുന്ന തൊഴിലാളി അശോകൻ(57) മരിച്ചതോടെ തകർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന പറയെടുപ്പിനുള്ള വെടിവഴിപാടിന് കതിന നിറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കിഴക്കേവെളി അശോകൻ (57),മൂന്നാം വാർഡിൽ പുളിക്കച്ചിറ പ്രകാശൻ (52) എന്നിവർക്ക് പൊള്ളലേറ്റത്. 85 ശതമാനത്തിലെ പൊള്ളലേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

കടലിൽ മത്സ്യബന്ധനം നടത്തിയും മറ്റ് കൂലിപ്പണികളും ചെയ്ത് ലഭിക്കുന്ന അശോകന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഭാര്യ സുവർണയും മകൾ അഞ്ജലിയും അസുഖ ബാധിതയായ മാതാവ് സത്യഭാമ,സഹോദരി സതി എന്നിവരും ഇവർക്കൊപ്പമാണ് കഴിയുന്നത്. ഓർമ്മക്കുറവുള്ള മാതാവ് സത്യഭാമയെ മകന്റെ മരണവിവരം ഇതുവരെ അറിയിച്ചിട്ടില്ല.

ചോർന്നൊലിക്കുന്ന ഓടുപാകിയ വീട്ടിലാണ് ഇവരുടെ താമസം.അമ്മയുടെയും സഹോദരിയുടെയും ചികിത്സാ ചിലവും മകൾ അഞ്ജനയുടെ പഠന ചിലവും അശോകന്റെ ചെറിയ വരുമാനത്തിൽ നിന്നാണ് നടത്തിയിരുന്നത്. മത്സ്യബന്ധനത്തിന് പോകാത്ത സമയങ്ങളിൽ കുടുംബം പോറ്റാൻ അശോകൻ മറ്റ് ജോലിക്ക് പോകുമായിരുന്നു. അറവുകാട് ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി താത്കാലികമായിട്ടായിരുന്നു വെടി വഴിപാട് നടത്താൻ ഇരുവരും എത്തിയത്. കൈക്കും നെഞ്ചിനും പൊള്ളലേറ്റ പ്രകാശൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.അശോകന്റെ വേർപാട് കുടുംബത്തിന് തീരാനഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് 304ാം വകുപ്പിട്ട് ദേവസ്വം ഭാരവാഹികളേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രതിചേർത്ത് പൊലീസ് കേസെടുക്കുമെന്നാണ് വിവരം. അർത്തുങ്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ജി.മധുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.